60 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ വാങ്ങി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച കേസില്‍ ഗായിക അറസ്റ്റില്‍. ഹരിയാന സ്വദേശിയായ ഗായിക ഷിഖാ രാഘവ്(27) ആണ് പൊലീസിന്റെ പിടിയിലായത്. 2016ലെ നോട്ട് നിരോധനകാലത്തായിരുന്നു സംഭവം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശിഖ ഹരിയാനയില്‍ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ബുധനാഴ്ച്ച അറസ്റ്റ് ചെയ്ത അവരെ ഇന്നലെ ഡല്‍ഹിയില്‍ കോടതിയില്‍ ഹാജരാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതേസമയം പണം വീണ്ടെടുക്കാനായിട്ടില്ലെന്നാണ് സൂചന.
ശിഖയും സുഹൃത്ത് പവനും ഡല്‍ഹിയില്‍ മതപരവും അല്ലാത്തതുമായി നിരവധി സ്‌റ്റേജ് ഷോകള്‍ നടത്തിയിരുന്നു. ഇത്തരം ഒരു ഷോയുടെ മുഖ്യ സംഘാടകന്‍ വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. നിരോധിച്ച പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശിഖയ്ക്കും സുഹൃത്തിനും ഇയാള്‍ 60 ലക്ഷം രൂപ കൈമാറുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കബളിപ്പിച്ച് ഇരുവരും മുങ്ങി.
ഉദ്യോഗസ്ഥന്‍ രൂപ് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗായികക്കും കൂട്ടാളിക്കുമെതിരെ കേസെടുക്കുന്നത്. പവന്‍ പൊലീസിന്റെ പിടിയിലായെങ്കിലും ശിഖ ഇത്രയും കാലം പൊലീസിനെ കബളിപ്പിച്ച് കഴിയുകയായിരുന്നു.