ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്ത് ചൈന കടന്നുകയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രി നിശബ്ദനാണ്. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ട് കൊണ്ട് ചൈനയെ ഈ മണ്ണില്‍ നിന്ന് തുരത്തിയേനെയെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കാന്‍ ചൈന ധൈര്യപ്പെടില്ലായിരുന്നു. അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ ചൈനയെ നിര്‍ത്തിയേനെ. എന്നാലിപ്പോള്‍ ഇന്ത്യയിലേക്ക് കടന്നുകയറി നമ്മുടെ 20 ജവാന്മാരെ ചൈന വധിച്ചിരിക്കുന്നു. ചൈന ഇന്ത്യയില്‍ കടന്നുകയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എങ്കില്‍ പിന്നെ നമ്മുടെ ജവാന്മാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത്? ജവാന്മാരെ ആരാണ് വധിച്ചത്? ദേശസ്നേഹിയാണെന്നാണ് മോദി സ്വയം പറയുന്നത്. എന്തുതരം ദേശസ്നേഹമാണിതെന്നും രാഹുല്‍ ചോദിക്കുന്നു.
രാജ്യത്തിന്‍റെ ശക്തി എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. കര്‍ഷകരും തൊഴിലാളികളുമാണ് രാജ്യത്തിന്‍റെ ശക്തി. സ്വന്തം പ്രതിച്ഛായയെ കുറിച്ച് മാത്രമാണ് മോദിയുടെ ചിന്ത. അദ്ദേഹം ഫോട്ടോകളെടുക്കുന്നു, ശൂന്യമായ ടണലിനെ നോക്കി കൈവീശുന്നുവെന്നും രാഹുല്‍ പരിഹസിച്ചു. ഹരിയാനയില്‍ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
പഞ്ചാബില്‍ നിന്ന് തുടങ്ങിയ രാഹുലിന്‍രെ ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞു. എന്നാല്‍ എത്ര മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നാലും പിന്നോട്ടില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചതോടെ റാലിക്ക് ഹരിയാനയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. നിരവധി പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ട്രാക്ടറില്‍ ഇരിക്കാന്‍ താന്‍ കുഷ്യന്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്കും രാഹുല്‍ മറുപടി നല്‍കി. പ്രധാനമന്ത്രിയുടെ പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനം പരാമര്‍ശിച്ചാണ് രാഹുലിന്റെ മറുപടി. നികുതിപ്പണത്തില്‍ നിന്ന് 8000 കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചു. സുഹൃത്ത് ട്രംപിന് ഒരു വി.വി.ഐ.പി വിമാനം ഉള്ളതു കൊണ്ടാണ് മോദിയും വാങ്ങിയതെന്ന് രാഹുല്‍ പരിഹസിച്ചു.