India National

ജി.എസ്.ടി നിരക്ക് ഉയർത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ചരക്ക് സേവന നികുതി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ മാസം 18ന് ചേരാനിരിക്കുന്ന ജിഎസ്ടി കൌണ്‍സില്‍ നികുതി വര്‍ധന സംബന്ധിച്ച കേന്ദ്രനിര്‍ദേശം ചര്‍ച്ച ചയ്യും. നികുതി വര്‍ധന നിലവില്‍ വന്നാല്‍ ട്രെയിന്‍ വിമാന യാത്ര നിരക്ക് അടക്കം പലതിനും കുത്തനെ വില കൂടും. ഏകീകരിച്ച ചരക്ക് സേവന നികുതി നിലവില്‍ വന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് വീണ്ടും നികുതിഘടനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിലവില്‍ നാല് വിഭാഗമായാണ് ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതിയുള്ളത്.

ഇതില്‍ അഞ്ച്, 12 ശതമാനം നിരക്കുള്ളവക്കാണ് വിലവര്‍ധനവ് ബാധകമാവുക. അഞ്ച് ശതമാനം നിരക്കുള്ളവ പത്ത് ശതമാനമാക്കാനും 12 ശതമാനം നിരക്ക് എടുത്തുകളഞ്ഞ് അവക്ക് 18 ശതമാനം നിരക്കേര്‍പ്പെടുത്താനുമാണ് കേന്ദ്ര നിര്‍ദേശം. അഞ്ച് ശതമാനം നിരക്കുള്ളവ പത്ത് ശതമാനമാക്കി വര്‍ധിപ്പിക്കുന്നത് വഴി വിലകൂടുന്നവ ഇവയാണ്: ഭക്ഷ്യ വസ്തുക്കള്‍, എകോണമി വിമാനയാത്ര, ഫസ്റ്റ്,സെക്കന്‍റ് ക്ലാസ് എ.സി ട്രെയിന്‍ ടിക്കറ്റുകള്‍, പാം ‌ഓയില്‍, ഒലിവ് ഓയില്‍, ഡ്രൈ ഫ്രൂട്ട് സില്‍ക്ക്-ലിനന്‍ വസ്ത്രങ്ങള്‍, വിനോദ സഞ്ചാരം, റെസ്റ്റോറന്‍റുകള്‍ എന്നിവയാണിവ.

അതേസമയം 12 ശതമാനം 18 ശതമാനം നിരക്കുള്ളവയുമായി ലയിപ്പിക്കുന്നത് വഴി മൊബൈല്‍ ഫോണുകള്‍, ബിസിനസ് ക്ലാസ് വിമാന യാത്ര, സംസ്ഥാനങ്ങള്‍ നടത്തുന്ന ലോട്ടറികള്‍, വിലകൂടിയ പെയിന്‍റുകള്‍, ഹോട്ടല്‍ മുറികൾ എന്നിവക്ക് വിലകൂടും. കേന്ദ്രനിര്‍ദേശത്തിന് അംഗീകാരം നല്‍കേണ്ടത്‌ ഈ മാസം 18ന് ചേരുന്ന ജി.എസ്.ടി കൌണ്‍സില്‍ യോഗമാണ്. ഇതുവഴി ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശം.