ന്യൂഡൽഹി: വാക്സിനേഷൻ വേഗത്തിലാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ കമ്പനിയുടെ വാക്സിൻ ഡോസുകൾ ബുക്ക് ചെയ്ത് കേന്ദ്രസർക്കാർ. ക്ലിനിക്കൽ പരീക്ഷണത്തിലുള്ള വാക്സിന്റെ 30 കോടി ഡോസാണ് സർക്കാർ മുൻകൂർ ബുക്കിങ് നടത്തിയത്. ഇതിനായി കമ്പനിക്ക് 1500 കോടി രൂപ ആരോഗ്യമന്ത്രാലയം കൈമാറി. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ബയോളജിക്കൽ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്സിനാണ് ആദ്യത്തേത്. ആഗസ്റ്റ്-ഡിസംബർ മാസങ്ങൾക്കുള്ളിൽ ഡോസുകൾ ലഭ്യമാകും എന്നാണ് മന്ത്രാലയം പറയുന്നത്. കേന്ദ്രസർക്കാറിന്റെ വാക്സിനേഷൻ നയത്തിനെതിരെ രാജ്യവ്യാപകമായി വിമർശം ഉയരുന്നതിനിടെയാണ് കൂടുതൽ ഡോസുകൾക്ക് സർക്കാർ മുൻകൂർ പണം നൽകുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയും വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. തങ്ങൾ മൂകസാക്ഷിയായിരിക്കില്ല എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.
ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് ഇപ്പോൾ ബയോളജിക്കൽ ഇയുടെ വാക്സിനുള്ളത്. പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങൾ വിജയകരമായിരുന്നു. കൊവാക്സിന് പുറമേ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, റഷ്യയുടെ സ്പുട്നിക് ഫൈവ് എന്നിവയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകൾ. അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 1,34,154 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2887 പേരാണ് മരണത്തിന് കീഴടങ്ങിയത്. തമിഴ്നാട്ടിലും കേരളത്തിലുമാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതൽ. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം 25,317 പേർക്കും കേരളത്തിൽ 19661 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കർണാടകയിൽ 16387 പേർക്കും മഹാരാഷ്ട്രയിൽ 15169 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു.