ഇത്തവണ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങൾ
കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിക്കും. ഇത്തവണ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങൾ. കഴിഞ്ഞ രണ്ടു പാക്കേജുകളിലും സംസ്ഥാനങ്ങൾക്കുള്ള വിഹിതം പ്രഖ്യാപിച്ചിരുന്നില്ല. വൈകിട്ട് നാലിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനം.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിർഭർ അഭിയാൻ്റെ ഭാഗമായി 3 പാക്കേജുകളാണ് പ്രഖ്യാപിച്ചിരുന്നത്. ചെറുകിട വ്യവസായികൾക്കും കർഷകർക്കും അതിഥി തൊഴിലാളികൾക്കും വേണ്ടിയുള്ള പദ്ധതികളാണ് കഴിഞ്ഞ 2 പാക്കേജുകളിലും ഉണ്ടായിരുന്നത്. അവസാന പാക്കേജിലാണ് സംസ്ഥാനങ്ങളുടെ പ്രതീക്ഷ. 20 ലക്ഷം കോടിയുടെ പദ്ധതിയിൽ കോവിഡിനെ നേരിടാനായി സംസ്ഥാനങ്ങൾക്ക് നേരിട്ട് പണം ലഭിക്കുന്ന പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം, ഇന്നലെ പ്രഖ്യാപിച്ച രണ്ടാം പാക്കേജിൽ അതിഥി തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ചെറുകിട കർഷകരെയും ഉൾപ്പെടുത്തിയിരുന്നു. അതിഥി തൊഴിലാളികൾക്ക് അടുത്ത രണ്ട് മാസത്തേക്കാണ് സൗജന്യ റേഷൻ. 3500 കോടി ഇതിനായി മാറ്റിവെയ്ക്കും. ഒരു രാജ്യം ഒരു റേഷൻ പദ്ധതി നടപ്പാക്കും. 6 മുതൽ 18 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ ഭവന നിർമ്മാണ സബ്സിഡിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി.
കർഷകർക്ക് നബാർഡ് വഴി 30,000 കോടി രൂപ നൽകും. 2.5 ലക്ഷം കർഷകരെ കൂടി കിസാൻ ക്രെഡിറ്റിന്റെ പരിധിയിൽ കൊണ്ടുവരുന്നതോടെ മത്സ്യതൊഴിലാളികൾക്ക് കൂടി പദ്ധതിയുടെ ഗുണം ലഭിക്കും. പി.എം അവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യം ഒരുക്കും. മുദ്രാ വായ്പകൾക്ക് 1500 കോടി പലിശ ഇളവും നൽകും. രണ്ടാം ഘട്ടത്തിൽ 9 മേഖലകളിലെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.