India National

പൗരന്‍മാരുടെ കൈയിലുള്ള സ്വര്‍ണം കേന്ദ്ര സര്‍ക്കാര്‍ വാങ്ങും

20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിനുള്ള പണം കണ്ടെത്താനായി പൗരന്‍മാരുടെ കൈവശമുള്ള സ്വര്‍ണം വിലക്കു വാങ്ങുന്നതുള്‍പ്പടെ കേന്ദ്രസര്‍ക്കാറിന്‍റെ പരിഗണനയില്‍ പുതിയ പദ്ധതികള്‍. പോയ മാസം ഏഷ്യന്‍ ഡവലപ്പ്‌മെന്‍റ് ബാങ്കില്‍ നിന്നും 150 ദശലക്ഷം ഡോളര്‍ വായ്പയെടുത്ത് ചെലവുകള്‍ക്ക് പണം കണ്ടെത്തിയ സര്‍ക്കാര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ കോവിഡ് പാക്കേജിനുള്ള പണം കൈയ്യിലില്ലാതെ നട്ടം തിരിയുന്നതായാണ് സൂചനകള്‍.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഒക്‌ടോബര്‍ 31നകം 3 ലക്ഷം കോടി രൂപ വായ്പയായി നല്‍കുന്നതുള്‍പ്പടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ പ്രഖ്യാപനങ്ങള്‍ നടപ്പലാക്കണമെങ്കില്‍ അടിയന്തരമായി സര്‍ക്കാറിന് കണ്ടെത്താനുള്ളത് പണമാണ്. റിസര്‍വ് ബാങ്ക് കൂടുതല്‍ പണം മാര്‍ക്കറ്റില്‍ അച്ചടിച്ച് ഇറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കരുതല്‍ ശേഖരമില്ലാതെ പണമടിക്കുന്നത് സാമ്പത്തിക ഘടനയെ ദുര്‍ബലമാക്കുമെന്നത് കൊണ്ടാണ് കെട്ടിക്കിടക്കുന്ന സ്വര്‍ണം മാര്‍ക്കറ്റിലെത്തിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യക്തികളുടെ കൈയ്യിലുള്ള വിദേശനാണ്യ ശേഖരവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഈടില്ലാതെ പണം അടിച്ചിറക്കിയാല്‍ കറന്‍സിയുടെ മൂല്യം പിന്നെയും കൂപ്പുകുത്തുമെന്നിരിക്കെ സാധ്യമായ എല്ലാ വഴികളും തേടി നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രം തയാറെടുക്കുന്നത്.

രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച സ്വര്‍ണം ഈ അവസരമുപയോഗിച്ച് പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയും ധനമന്ത്രാലയത്തിനുള്ളതായി സൂചനയുണ്ട്. ഉറവിടം വെളിപ്പെടുത്തണമെന്ന ആവശ്യമില്ലാതെ വീടുകളില്‍ നിന്നും ബാങ്കുകള്‍ വഴി സ്വര്‍ണം ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 25000 ടണ്‍ വരെ സ്വര്‍ണം രാജ്യത്തെ വീടുകളില്‍ ഉണ്ടെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. ഇത് ഏകദേശം 100 ലക്ഷം കോടി രൂപ വിലമതിക്കും. വ്യക്തികളുടെ കൈയ്യിലുള്ള വിദേശനാണ്യ കരുതല്‍ ശേഖരം 480 ബില്യണ്‍ ഡോളര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവ രണ്ടിന്‍റെയും 5 ശതമാനമെങ്കിലും മാര്‍ക്കറ്റിലെത്തിക്കാനായാല്‍ 20 ലക്ഷം കോടിയുടെ സിംഹഭാഗവും ശേഖരിക്കാനാവുമെന്നാണ് ധനമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.