India National

“നിങ്ങൾക്ക് 24 മണിക്കൂർ തരുന്നു”: മലിനീകരണത്തിൽ ഡൽഹിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വായു പ്രതിസന്ധിയെക്കുറിച്ച് വാദം കേൾക്കുന്നത്. സമയം പാഴാക്കുകയാണെന്നും, മറ്റൊന്നും സംഭവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ കുറ്റപ്പെടുത്തി. ലോക്ക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ നൽകുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണങ്ങളായി കേന്ദ്രം കണക്കാക്കുന്ന വ്യാവസായിക, വാഹന മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ കേന്ദ്രത്തിനും ഡൽഹിക്കും കോടതി 24 മണിക്കൂർ സമയം നൽകി. വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ സ്‌കൂളുകൾ തുറന്നതിനെയും കോടതി വിമർശിച്ചു. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.