ന്യൂഡൽഹി: മാന്ദ്യത്തിൽ നിന്ന് പുറത്തുകടക്കുമെന്ന സൂചന നൽകി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം. 2020-21 ഒക്ടോബർ-ഡിസംബർ പാദത്തിൽ 0.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ നേരത്തെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു.
ദേശീയ സ്ഥിതിവിവര ഓഫീസാണ് പുതിയ ജിഡിപി കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായ രണ്ടു പാദങ്ങളിലെ ഇടിവിന് ശേഷമാണ് ജിഡിപി തിരിച്ചു കയറുന്നത്. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 23.96 ശതമാനം ഇടിവാണ് ജിഡിപിയുണ്ടായിരുന്നത്. സെപ്തംബര്‍ പാദത്തില്‍ 7.3 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്.
ഡിസംബർ പാദത്തിൽ സാമ്പത്തിക വളർച്ച കൈവരിച്ച ചുരുക്കം ചില സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ചൈന, വിയറ്റ്‌നാം, തായ്‌വാൻ രാഷ്ട്രങ്ങളുടെ ജിഡിപിയും വളർച്ച കൈവരിച്ചിട്ടുണ്ട്. തിരിച്ചടിക്കു ശേഷം സമ്പദ് വ്യവസ്ഥയിൽ ഉണർവുണ്ടാകുമെന്ന് ഐഎഎം അടക്കമുള്ള ഏജൻസികൾ പ്രവചിച്ചിരുന്നു.
തുടര്‍ച്ചയായ രണ്ടു പാദത്തില്‍ മൈനസ് വളര്‍ച്ചയിലേക്ക് പോയതോടെ ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചിരുന്നു.