മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഗംഭീറിന്റെ രാഷ്ട്രീയ പ്രവേശനം. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും ചേര്‍ന്നാണ് ഗംഭീറിനെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സ്വീകരിച്ചത്.
രാജ്യത്തിനായുള്ള മോദിയുടെ കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയിലെത്തിയതെന്ന് ഗംഭീര്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള വേദിയാണിതെന്നും ഗംഭീര്‍ പ്രതികരിച്ചു.
ഗംഭീര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. സിറ്റിങ് എം.പി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗംഭീര്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഇക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് അരുണ്‍ ജെയ്റ്റ്‍ലി പ്രതികരിച്ചത്.
ഗൗതം ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും
രാഷ്ട്രീയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗംഭീര്‍ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി അനുകൂല നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. 2014ല്‍ അമൃത്സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് ഗംഭീര്‍ പ്രചാരണം നടത്തുകയും ചെയ്തു.