India National

‘പൗരത്വ ബില്‍ വായിച്ചില്ല, പിന്നെങ്ങനെ പ്രതികരിക്കും?’

പൗരത്വബില്‍ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബില്ലിനെ കുറിച്ച് അറിയില്ലെന്നും അതിനെ കുറിച്ച് സാംസാരിക്കാനില്ലെന്നുമാണ് ഗാംഗുലി പറഞ്ഞത്. നേരത്തെ മകള്‍ പൗരത്വ പ്രക്ഷോഭത്തെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചപ്പോള്‍ രാഷ്ട്രീയവിഷയങ്ങള്‍ മനസിലാക്കാനുള്ള പ്രായം തന്റെ മകള്‍ക്കായില്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ അഭിപ്രായപ്രകടനം. ‘അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കാരണം ഞാന്‍ ഇതുവരെ പൗരത്വബില്‍ വായിച്ചിട്ടില്ല. അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാതെ പ്രതികരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. പക്ഷേ എല്ലാവരും സമാധാനം പാലിക്കാന്‍ ശ്രദ്ധിക്കണം.

എനിക്ക് ഉത്തരം പറയാന്‍ ഉത്തരവാദിത്വമില്ലാത്ത വിഷയങ്ങളില്‍ എന്നോട് ചോദ്യം ചോദിക്കരുത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിനോട് ഉത്തരവാദപ്പെട്ടവരാണ് അഭിസംബോധന ചെയ്യേണ്ടത്. എല്ലാവരുടേയും സന്തോഷമാണ് എനിക്ക് മുഖ്യം. നല്ലത് സംഭവിക്കുമെന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ.’ ഗാംഗുലി പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതികരണങ്ങളില്‍ ഗാംഗുലിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അന്ത്യം’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് സന ഇന്‍സ്റ്റഗ്രാമിലൂടെ പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ചത്.

‘തങ്ങള്‍ മുസ്‌ലിംകളല്ല, ക്രിസ്ത്യാനികളല്ല എന്നതിനാല്‍ സുരക്ഷിതരാണ് എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ത്തിലാണുള്ളത്. സംഘ് ഏവരെയും ലക്ഷ്യം വച്ചിട്ടുണ്ട്. നാളെ അവരുടെ വെറുപ്പ് തട്ടം ഇടുന്ന സ്ത്രീകളിലേക്കും ഇറച്ചി കഴിക്കുന്നവരിലേക്കും മദ്യം കഴിക്കുന്നവരിലേക്കും വിദേശ സിനിമകള്‍ കാണുന്നവരിലേക്കും വ്യാപിക്കും. ജയ് ശ്രീറാം മുഴക്കുന്നതിനു പകരം കൈകള്‍ കോര്‍ക്കു. ആരും ഇവിടെ സുരക്ഷിതരല്ല’ എന്നായിരുന്നു 18കാരിയായ സന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്.

സാധാരണ 24 മണിക്കൂര്‍ നിലനില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാദമായതോടെ പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഗാംഗുലിയാണെന്ന ആരോപണങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. അതിന് പിന്നാലെ രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം തന്റെ മകള്‍ക്കായിട്ടില്ലെന്നും ഇത്തരം ചര്‍ച്ചകളിലേക്ക് സനയെ വലിച്ചിഴക്കരുതെന്നും ഗാംഗുലി പറയുകയും ചെയ്തു.