ജനീവ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഇന്ന് ജനീവയില്‍ കൂടിക്കാഴ്ച നടത്തി . ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശീതസമരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇവരുടെ കൂടികാഴ്ചയ്ക്ക് പിന്നിലുള്ളത്. ജനീവ തടാക കരയിലുള്ള ലാ ഗ്രേഞ്ച് പാര്‍ക്കിലെ 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വില്ലയാണ് ഉച്ചകോടിക്ക് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആണവ സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ, ഇരു രാജ്യങ്ങളിലേയും തടവുകാരുടെ കൈമാറ്റം എന്നീ വിഷയങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ പശ്ചിമേഷ്യയിലെ റഷ്യന്‍ സ്വാധീന പ്രദേശങ്ങളില്‍ റഷ്യന്‍ വിരുദ്ധ നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണമെന്ന്പുടിന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ കൂടിക്കാഴ്ച ഇന്ത്യക്കും നിര്‍ണായകം തന്നെയാണ്. റഷ്യയുടെ മേല്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈനിക വാണിജ്യ ഉപരോധങ്ങളില്‍ അയവു വരുത്തുമോയെന്നതാണ് ഇന്ത്യയെ അലട്ടുന്ന വിഷയം.