ബിഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ വോട്ടർമാക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തെരഞ്ഞെടുപ്പിൻെറ തനി ആവർത്തനമാണ് ബിഹാറിലും കണ്ടതെന്ന് മോദി പറഞ്ഞു. ജനഹൃദയങ്ങളിലാണ് ബിജെപിയെന്നും ജനത്തെ എങ്ങനെ സേവിക്കാം എന്നാണ് ബിജെപി കാണിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
” ഞങ്ങളെ പിന്തുണച്ചവർക്ക് മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് രേഖപ്പെടുത്തിയത് വലിയ കാര്യമാണ്. ഈ തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയാണ്.
കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ കണാനാവും. ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് മുതല്‍ ഇന്നുവരെ സ്വീകരിച്ച നടപടികള്‍ ജനം അംഗീകരിച്ചു. ഓരോ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയഗാഥയായി മാറിയെന്നും ബി.ജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ അദ്ദേഹം അഭിനന്ദിച്ചു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വൈകീട്ടോടെയാണ് ആഘോഷം പരിപാടികൾ തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി മോദിയോടൊപ്പം എത്തി.