India National

പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് നൽകുക; പതിനെട്ടുകാരിക്ക് മോദിയോട് പറയാനുള്ളത്

നാഗാലാന്റില്‍ അടുത്തിടെ നടന്ന ഒരു സൌന്ദര്യ മത്സരത്തില്‍ ഒരു മത്സരാര്‍ത്ഥിയുടെ ഉത്തരം കേട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്, ഒപ്പം ചിന്തിപ്പിക്കുകയും ചെയ്തുവെന്ന് പറയാം. കാരണം ഇന്ത്യയിലെ വലിയൊരു പ്രശ്നത്തെ ആ ഒറ്റ ഉത്തരത്തിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പതിനെട്ടുകാരിയായ സുന്ദരി.

നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയില്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ്‌ മിസ് കോഹിമ 2019 സൗന്ദര്യ മത്സരം നടന്നത്. മത്സരത്തിനിടെ വിധികര്‍ത്താക്കളെ ഞെട്ടിച്ച പതിനെട്ടുകാരിയായ മത്സരാർത്ഥിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മത്സരത്തിന്റെ ഭാഗമായുള്ള ചോദ്യോത്തോര വേളയിലാണ് ഈ രസകരമായ ഉത്തരമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് എന്ത് ചോദിക്കുമെന്നായിരുന്നു സെക്കന്‍ഡ് റണ്ണര്‍ അപ്പായ വികുഓനോ സോച്ചുവിനോട് വിധികര്‍ത്താക്കളില്‍ ഒരാള്‍ ചോദിച്ചത്. ഇതിന് സാച്ചു നൽകിയ മറുപടിയാണ് കയ്യടി നേടുന്നത്. ”പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളെക്കാള്‍ കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും”- എന്നായിരുന്നു പതിനെട്ടുകാരിയുടെ മറുപടി. വേദിയിൽ ചിരി പടർത്തിയ മറുപടി ആളുകൾ ആർപ്പു വിളികളോടും നിറഞ്ഞ കയ്യടി നൽകിയുമാണ് സ്വീകരിച്ചത്. 23 കാരിയായ ക്രിയെനുവോ ലിസിയറ്റ്സുവാണ് മത്സരത്തിൽ കിരീടമണിഞ്ഞത്. 19കാരിയായ ക്രിയിലീവിയുനുവോ സുഹോ രണ്ടാംസ്ഥാനം നേടി.