മെയ് മാസം കോവിഡ് ബാധിച്ച് മരിച്ചത് എയർ ഇന്ത്യ കമ്പനിയിലെ അഞ്ച് മുതിര്‍ന്ന പൈലറ്റുമാരെന്ന് ഇന്ത്യൻ കൊമേഷ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ). ക്യാപ്റ്റൻ ഹർഷ് തിവാരി, ക്യാപ്റ്റൻ ഗുർപ്രതാപ് സിംഗ്, ക്യാപ്റ്റൻ സന്ദീപ് റാണ, ക്യാപ്റ്റൻ അമിതേഷ് പ്രസാദ്, ക്യാപ്റ്റൻ പ്രസാദ് എം. കർമ്മകർ എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. വന്ദേ ഭാരത് മിഷൻ (വി.ബി.എം) പദ്ധതിയുടെ ഭാഗമായി വിമാനം പറത്തുന്ന പൈലറ്റുമാരും ജീവനക്കാരും കോവിഡ് ഭീതിയിലാണെന്നും ജോലിക്കു ശേഷം വീട്ടിൽ പോകാൻ ഭയമാണെന്നും ഐ.സി.പി.എ ഭാരവാഹികൾ വ്യക്തമാക്കി. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിൽ വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നൽകാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഐ.സി.പി.എ എയർ ഇന്ത്യയ്ക്ക് കത്തയച്ചു. ഡ്യൂട്ടിക്കിടെ രോഗബാധിതരാകുന്ന ജീവനക്കാരിൽനിന്ന് അടുത്ത കുടുംബാംഗങ്ങൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. 45ഉം അതിൽ കൂടുതലും പ്രായമുള്ള ജീവനക്കാർക്കായി മുൻഗണനാക്രമത്തിൽ വാക്സിന് നല്കാന് എയർ ഇന്ത്യ ഏപ്രിലിൽ തീരുമാനിച്ചിരുന്നു. എന്നാല്‍, വാക്സിന് ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ പദ്ധതി ഫലം കണ്ടില്ല.
