India

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽ നിന്നെത്തിയ 52കാരനാണ് മരണപ്പെട്ടത്. ഡിസംബർ 28നാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണകാരണം കൊവിഡല്ല എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് ഒമിക്രോൺ ബാധിച്ചിരുന്നു എന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് എപ്പോഴാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല.

ഇന്നലെ രാജ്യത്ത് 13,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 268 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ നിരക്ക് 4,80,860 ആയി.

രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 961 ആയി. 320 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 263 പേരുമായി ഡൽഹിയിലാണ് കൂടുതൽ രോഗബാധിതരുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങൡലാണ് ഒമിക്രോൺ വ്യാപനം കൂടുതലുളളത്.

അതേസമയം ഒമിക്രോൺ രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്ക് കർശന നിയന്ത്രണമാണ്.