പാർലമെന്റിലെ പ്രസംഗത്തിൽ കർഷക സമരത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കർഷക സംഘടനകൾ. രാജ്യസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവന. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നും അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
ബി.ജെ.പിയും അവരുടെ മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ എല്ലായിപ്പോഴും ഭയപ്പെടുന്നതുകൊണ്ടാണ് കര്‍ഷക സമരത്തെ ബി.ജെ.പിക്കാര്‍ ഭയപ്പെടുന്നതെന്ന് കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ ധാര്‍ഷ്ട്യ മനോഭാവമാണ് പ്രക്ഷോഭം നീണ്ടുപോകാന്‍ കാരണം. തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെങ്കില്‍ കൃഷിയിടത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് കര്‍ഷക സമരത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. എവിടെ പ്രതിഷേധമുണ്ടോ അവിടെ സമരജീവികളെ കാണാനാകും. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാനാകില്ല. ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നുമാണ് മോദി പരിഹസിച്ചത്.