ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കർഷകരെ ബാരിക്കേഡുകൾ കെട്ടി നേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി. സർക്കാറേ, മതിലുകളല്ല പാലങ്ങൾ പണിയൂ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിലെ പൊലീസ് ബന്തവസ്സിന്റെ ചിത്രങ്ങൾക്കൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.
കർഷകരെ നേരിടാൻ ഗാസിപ്പൂർ, സിംഗു, തിക്രി അതിർത്തികളിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബജറ്റ് ദിനത്തിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് അതിർത്തികളിൽ അഭൂതപൂർവ്വമായ സുരക്ഷ ഒരുക്കിയിരുന്നത്. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകൾ ഉയർത്തി പൊലീസ് അടച്ചിരുന്നു.
അതിനിടെ, ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചു. പകൽ പന്ത്രണ്ടു മുതൽ മൂന്നു മണിവരെ എല്ലാ ദേശീയ പാതകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.