പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കർഷക സംഘടനകളുമായുള്ള സർക്കാരിന്റെ ഏഴാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചർച്ചയിൽ 40 കർഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചാകണം ചർച്ചയെന്നും പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.
അതിശൈത്യത്തിനും മഴക്കുമിടെയാണ് കർഷക സമരം 40ആം ദിവസത്തിലെത്തിയത്. ഡിസംബർ 31ന് നടത്തിയ ചർച്ചയിൽ വൈദ്യുതി ഭേദഗതി ബിൽ 2020ന്‍റെ കരട് പിൻവലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓർഡിനൻസിൽ മാറ്റം വരുത്താനും കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നു. അതിനാല്‍ ഇത്തവണത്തെ ചർച്ച കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണം എന്നതില്‍ ഊന്നിയാകണമെന്നാണ് കർഷകരുടെ ആവശ്യം. താങ്ങുവില നിയമപരമാക്കണം എന്ന ആവശ്യത്തിലും കർഷകർ ഉറച്ച് നില്‍ക്കുകയാണ്. ഇക്കാര്യങ്ങളില്‍ കേന്ദ്രം ഇതുവരെ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.
ഇന്നത്തെ ചർച്ച പരാജയപ്പെട്ടാല്‍ മറ്റന്നാൾ മുതൽ 20 വരെ രാജ്യത്തെ പ്രധാന ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം. കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് നീങ്ങും. റിപബ്ളിക് ദിനത്തിൽ ഡൽഹിക്ക് അകത്ത് ട്രാക്ടർ റാലി സംഘടിപ്പിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ റാലി നടത്തും. ജനുവരി 18ന് സ്ത്രീകള്‍ അണിനിരക്കുന്ന പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.