India National

ദസറക്ക് മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍

ദസറക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൌതം അദാനിയുടെയും കോലം കത്തിച്ചു.

ദസറക്ക് രാ​വ​ണ​നെ ക​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി അ​നു​ക​രിച്ചാണ് മോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചത്. ഭ​തി​ൻ​ഡ, സംഗത്, സം​ഗ്രൂ​ർ, ബർണാ​ല, മ​ല​ർ​കോ​ട്​​ല, മന്‍സ തു​ട​ങ്ങി നി​ര​വ​ധി സ്​​ഥല​ങ്ങ​ളി​ൽ ഇത്തരത്തില്‍ കോ​ലം ക​ത്തി​ച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു.

ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​ക്കാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്​​ച കേ​ന്ദ്രം വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കൃ​ഷി​മ​​ന്ത്രി​ക്ക് പ​ക​രം ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​ ചർച്ച​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത് ഇതോടെ നേതാക്കള്‍ ചര്‍ച്ച ബഹിഷ്കരിക്കുകയായിരുന്നു. കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​ന്​ ബ​ദ​ൽ നി​യമ​ നി​ർ​മാ​ണം പ​ഞ്ചാ​ബ്​ നി​യ​മ​സ​ഭ പാ​സാ​ക്കുകയും ചെയ്തു.

പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ ക​ർ​ഷ​ക​ർ​ക്ക്​ ഇ​ത്ത​ര​ത്തി​ൽ രോ​ഷം തോ​ന്നു​ന്ന​ത്​ സ​ങ്ക​ട​ക​ര​മാ​ണെ​ന്ന്​ കോ​ൺഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി ട്വീറ്റ് ചെയ്തു. ക​ർ​ഷ​ക​രെ കേ​ൾ​ക്കാ​നും സാ​ന്ത്വ​നം ന​ൽ​കാ​നും പ്ര​ധാ​ന​മ​ന്ത്രി ശ്രദ്ധിക്കണമെന്നും രാഹുല്‍ പറഞ്ഞു.