ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴത്തേത്. ചൊവ്വാഴ്ചയില്‍ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില എണ്‍പതിനോട് അടുത്തു നില്‍ക്കുന്നു. ഡല്‍ഹിയില്‍ 85ഉം ചെന്നൈയില്‍ 92 ഉം രൂപയാണ് പെട്രോളിന്. അവിടങ്ങളിലെ ഡീസല്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍ തന്നെ. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ശരാശരി അമ്പത് ഡോളറില്‍ നില്‍ക്കുന്ന വേളയിലാണ് ഇന്ത്യയില്‍ ഇന്ധന വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്.
എന്താണിതിന് കാരണം?
ഉത്തരം ലളിതമാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയയുന്നത് അനുസരിച്ച് ഇന്ത്യയില്‍ എണ്ണയ്ക്ക് മേലുള്ള എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഡീസലിന്റെ എക്‌സൈസ് തീരുവ 820 ശതമാനമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ വരുത്തിയത് 360 ശതമാനം വര്‍ധന. അഥവാ, നികുതി കൂട്ടി സാധാരണക്കാരന്റെ പോക്കറ്റ് പിഴിയുന്നു എന്നര്‍ത്ഥം. ആഗോള വിലയ്ക്ക് അനുസൃതമായ വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് വില നിയന്ത്രണം സര്‍ക്കാര്‍ എണ്ണക്ക്മ്പനികള്‍ക്ക് കൈമാറിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മാത്രമാണ് ഇത്തരത്തില്‍ വില കുറച്ച അവസ്ഥയുണ്ടായത്.
മന്‍മോഹന്‍ സിങില്‍ നിന്ന് നരേന്ദ്രമോദി അധികാരമേറ്റെടുത്ത 2014 മെയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന്റെ തീരുവ 3.56 രൂപയും. എന്നാല്‍ 2020 ഡിസംബറില്‍ പെട്രോള്‍ തീരുവ ലിറ്ററിന് 35.98 രൂപയായി. ഡീസല്‍ തീരുവ 31.83 രൂപയും!
ഒരു ലിറ്റര്‍ പെട്രോളില്‍ നികുതിയായി മാത്രം മുപ്പതിലേറെ രൂപ കൊടുക്കേണ്ടി വരുന്നു എന്ന് സാരം. പഴയ നികുതിയാണ് എങ്കില്‍ പെട്രോളിന് ചുരുങ്ങിയത് ഇരുപത് രൂപയും ഡീസലിന് 25 രൂപയും വിലക്കുറവില്‍ ഉപഭോക്താവിന് ലഭിക്കും.
കൊള്ളയടി ഇങ്ങനെ
2014 മെയില്‍ ക്രൂഡ് ഓയില്‍ വില ബാരല്‍ ഒന്നിന് 105 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില ലിറ്ററിന് 65 രൂപയും. 2020 ഡിസംബര്‍ 18ന് ക്രൂഡ് ഓയില്‍ വില, ബ്രന്റ് ട്രേഡിങ്ങില്‍ ബാരല്‍ ഒന്നിന് 55.05 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റില്‍ 52.31 ഡോളറുമാണ്. ശരാശരി അമ്പത് ഡോളര്‍. ഈ മാസം തന്നെ അമ്പത് ഡോളറിന് താഴേക്കു പോയ അവസ്ഥയുമുണ്ടായി.
2014 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാരല്‍ ഒന്നിന് അമ്പത് ഡോളറിന്റെ കുറവാണ് ഉള്ളത്. എന്നാല്‍ അന്ന് പെട്രോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് 65 രൂപയ്ക്കായിരുന്നു എങ്കില്‍ ഇപ്പോഴത്തെ പെട്രോള്‍ വില 90 രൂപ!
നേരത്തെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് എങ്കില്‍ അമ്പത് രൂപയ്‌ക്കെങ്കിലും പെട്രോള്‍ കിട്ടേണ്ട സമയത്താണ് ഇപ്പോള്‍ ഉപഭോക്താവ് നൂറു രൂപയോളം മുടക്കേണ്ടി വരുന്നത്. (ഡോളറുമായുള്ള രൂപയുടെ വിനിമയ ഏറ്റക്കുറച്ചിലുകളും വിലയെ ബാധിക്കും)
എക്‌സൈസ് നികുതിയില്‍ 48% വര്‍ധന
കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ നികുതി വരുമാനം കുത്തനെ താഴേക്കു പോയെങ്കിലും ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ 48 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇന്ധന ഉപഭോഗം കുറഞ്ഞിട്ടും നികുതിയില്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഒരു കോടി ടണ്‍ ഡീസല്‍ കുറവാണ് ചെലവായത്. 2020 ഏപ്രില്‍-നവംബറില്‍ ചെലവായ ഡീസല്‍ 44.9 ദശലക്ഷമാണ്. മുന്‍വര്‍ഷം ഇത് 55.04 ദശലക്ഷമായിരുന്നു. പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റേതാണ് കണക്കുകള്‍. പെട്രോള്‍ ഉപഭോഗവും കുറഞ്ഞിട്ടുണ്ട്. 2020 ഏപ്രില്‍-നവംബറില്‍ ഉപഭോഗം 17.4 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 20.4 ദശലക്ഷവും.
ഇപ്പോഴും ജിഎസിടിക്ക് പുറത്ത്
രാജ്യത്തിന്റെ നികുതി ഘടനയിലെ തന്നെ സമ്പൂര്‍ണ പരിഷ്‌കാരമായ ചരക്കു സേവന നികുതി (ജിഎസ്ടി) 2017ല്‍ പ്രാബല്യത്തിലായെങ്കിലും ഇന്ധനത്തിനു മാത്രം പഴയ നികുതി സമ്പ്രദായമാണ്. എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് തീരുവ, വാറ്റ്, ലെവി എന്നിവയെല്ലാം എണ്ണയ്ക്കു മേല്‍ ചുമത്തുണ്ട്.
സര്‍ക്കാര്‍ അതു കൊണ്ടാണ് ഇതില്‍ കൈവയ്ക്കാത്തതും. ധനക്കമ്മി കുറയ്ക്കാനുള്ള ഏറ്റവും വലിയ വഴിയാണ് എക്‌സൈസ് തീരുവ എന്നും സര്‍ക്കാര്‍ കരുതുന്നു. ആഗോള തലത്തില്‍ ഇന്ധനത്തിനു മേല്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാഷ്ട്രവും ഇന്ത്യയാണ്.