India

നിങ്ങള്‍ക്കൊപ്പം തന്നെയുണ്ടാകും’ കര്‍ഷകരോട് പ്രിയങ്ക ഗാന്ധി

നൂറ് ദിവസമല്ല, നൂറ് മാസമെടുത്താലും കര്‍ഷകര്‍ക്ക് വേണ്ടി പോരാടാന്‍ ഒപ്പമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മീററ്റിൽ കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാർഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസമാണ് നൂറ് ദിവസം പൂര്‍ത്തിയായത്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.

“നൂറ് ദിവസമോ നൂറ് ആഴ്ചയോ നൂറ് മാസമോ എടുത്താലും ശരി, പ്രതീക്ഷ കൈവിടരുത്, കേന്ദ്ര സര്‍ക്കാർ ഈ കരി നിയമങ്ങൾ പിന്‍വലിക്കുന്നതുവരെ കോൺഗ്രസ് നിങ്ങളോടൊപ്പം പോരാട്ടം തുടരും.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ സൃഷ്ടിച്ചത്.. അതോ കോടീശ്വരന്‍മാരായ മോദിയുടെ ചങ്ങാതിമാര്‍ക്ക് വേണ്ടിയാണോ നിര്‍മിച്ചത്..? കര്‍ഷകര്‍ സമരം ആരംഭിച്ചിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ അവർ ഇപ്പോഴും സമരം തുടരുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നു ഈ നിയമമെങ്കില്‍ അവര്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലല്ലോ?” പ്രിയങ്ക ചോദിച്ചു.