India National

അനന്ത്നാഗിലും കുൽഗാമിലും ഏറ്റുമുട്ടൽ: സൈന്യം രണ്ട് ഭീകരരെ വധിച്ചു

അതിർത്തി മേഖലയിൽ പലയിടത്തും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.

ജമ്മു കശ്മീരിലെ അനന്ത്നാഗിലും കുൽഗാമിലും ഏറ്റുമുട്ടൽ. അനന്ത്നാഗിൽ രണ്ട് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിൽ രണ്ട് ഭീകരരെ വളഞ്ഞു. അതിർത്തി മേഖലയിൽ പലയിടത്തും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. രണ്ടാഴ്ചക്കിടെ 15ഓളം ഭീകരരെ വധിച്ചതായി കരസേന മേധാവി ജനറൽ എം എം നരവാണെ പ്രതികരിച്ചു.

അനന്ത്നാഗിലെ ലല്ലാനിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു. രണ്ട് പിസ്റ്റളുകളും മൂന്ന് ഗ്രനേഡുകളും കണ്ടെടുത്തു. കുൽഗാമിലെ നിപോരയിലും പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച്, ഷാപുർ, കിർണി, കസ്ബ സെക്ടറുകളിലാണ് പാക് വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഇതിനിടെ ബന്ദിപോര – ശ്രീനഗർ റോഡിലെ നാദിഹാലിന് സമീപം ഐഇഡി അടങ്ങിയ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡ് എത്തി നിർവീര്യമാക്കി. ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

ജമ്മു കശ്മീരിൽ ഭീകരരുടെ നിരവധി നീക്കങ്ങൾ പരാജയപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞതായി സേന മേധാവി ജനറൽ എം എം നരവാണെ പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15 ഓളം ഭീകരർ കൊല്ലപ്പെട്ടു. സേനയുടെ ഏകോപനവും സഹകരണവുമാണ് വിജയത്തിന് പിന്നിൽ എന്നും ഭൂരിഭാഗം ഓപ്പറേഷനുകളും നാട്ടുകാർ നൽകിയ വിവര പ്രകാരം ആയിരുന്നു എന്നും സേന മേധാവി കൂട്ടിച്ചേർത്തു.

ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണ്. തുടർച്ചയായി നടക്കുന്ന കമാണ്ടർ തല ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. നേപ്പാളുമായി ശക്തമായ ബന്ധമാണുള്ളതെന്നും അത് തുടരുമെന്നും സേനാ മേധാവി അറിയിച്ചു.