ഭാര്യയും ലഖ്നൌ എസ്.പി സ്ഥാനാര്‍ഥിയുമായ പൂനം സിന്‍ഹക്കൊപ്പം നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് പോയ ശത്രുഘ്നന്‍ സിന്‍ഹയുടെ നടപടിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
ഭര്‍ത്താവിന്റെ ചുമതലയാണ് നിര്‍വഹിച്ചതെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിശദീകരണം. ബി.ജെ.പിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മൂന്ന് ദിവസം മുമ്പാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉടന്‍ ലഖ്നൌ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നലെയാണ് പൂനം റോഡ് ഷോ ആയി എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒപ്പം ശത്രുഘ്നന്‍ സിന്‍ഹയും അനുഗമിച്ചു. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അതൃപ്തി ഉണ്ടാക്കിയത്. ഭര്‍ത്താവിന്റെ ചുമതലയാണ് ചെയ്തത് എന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിശദീകരണം.
രാഷ്ട്രീയ ചുമതല കൂടി ശത്രുഘ്നന്‍ സിന്‍ഹ നിര്‍വഹിക്കണമെന്നും ലഖ്നൌവില്‍ പ്രചാരണത്തിന് ഇറങ്ങണമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് കൃഷ്ണം പ്രതികരിച്ചു. ബിഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് ശത്രുഘ്നന്‍ സിന്‍ഹ.