ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിന് നാല് നാള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. തന്നെ അപഹസിച്ചവര്‍ ഇന്നലെ മുതല്‍ വോട്ടിങ് യന്ത്രത്തെ അവഹേളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി എം.പിയും ദലിത് നേതാവുമായ ഉദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചാരണത്തിനെത്തിയത്. തന്നെ അപഹസിച്ചവര്‍ വോട്ടിങ് യന്ത്രത്തെയാണ് ഇന്നലെ മുതല്‍ അപഹസിക്കുന്നതെന്നും തോല്‍വി മറക്കാനുള്ള ശ്രമമാണിതെന്നും മോദി പരിഹസിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ മൂന്ന് റാലികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് യു.പിയിലെ റോഡ് ഷോ അടക്കമുള്ള പരിപാടികളുമായി രംഗത്തുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബീഹാറിലും പ്രചാരണം നടത്തും.
ഇതിനിടെ ബി.ജെ.പി ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് എം.പിയും ദലിത് നേതാവുമായ ഉദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡലത്തില്‍ ഉദിത്ത് രാജിന് പകരം ഗായകനായ ഹന്‍സ് രാജിനെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടുകയാണെന്ന് ഉദിത്ത് രാജ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉദിത് രാജ് രാവിലെ കൂടിക്കാഴ്ച നടത്തി.
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കഗാന്ധി മത്സരിക്കുന്ന വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ മോദിക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം കോണ്‍ഗ്രസ് ഗൌരവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിലും വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന.