India National

തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്ക് ഇന്ത്യ ബന്ധം; ആരോപണങ്ങള്‍ ശക്തം

തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല

ബി.ജെ.പി-ഫേസ്ബുക്ക് ഇന്ത്യ ആരോപണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ – ഫേസ്ബുക്ക് ഇന്ത്യ ബന്ധവും ചർച്ചയാകുന്നു. 2017 മുതല്‍ വോട്ടര്‍മാരുടെ ബോധവത്ക്കരണത്തിനായി ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ -ഫേസ്ബുക്ക് ഇന്ത്യ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് 3 വര്‍ഷത്തെ പഴക്കമുണ്ട്. പല തവണ ആരോപണങ്ങള്‍ ഉയർന്നിട്ടും കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 2017 ജൂണിലാണ് വോട്ടർമാരുടെ ബോധവത്ക്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്ക് ഇന്ത്യയും ഒരുമിക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യയുടെ അങ്കി ദാസും അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നാസിം സൈദിയും ചേർന്നാണ് പരിപാടി ആരംഭിച്ചത്.

ഒരു വർഷം പിന്നിട്ടതോടെ തെരഞ്ഞെടുപ്പ് സുതാര്യതയെ ബാധിക്കുന്നതായും ഡാറ്റ ചോരുന്നതായും ആരോപണമുയർന്നു. 2018 മാർച്ച് 23ന് അന്നത്തെ ചീഫ് ഇലക്ഷന് കമ്മീഷണർ ഒ പി റാവത്ത് വിഷയം പരിശോധിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അതേ ഒ പി റാവത്ത് മാർച്ച് 27ന് പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ചു.

യു.എസ് ഇലക്ഷന്‍ തിരിമറി സംബന്ധിച്ച് കേംബ്രിഡ്ജ് അനലെറ്റിക്ക വെളിപ്പെടുത്തല്‍ വന്നതോടെ വീണ്ടും ആശങ്ക ശക്തമായി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പരസ്യങ്ങള്‍ അനുമതിയോടെയേ പ്രദർശിപ്പിക്കാനാകൂ എന്ന കമ്മീഷന്‍ പാനല്‍ ശിപാര്‍ശയും ഫേസ്ബുക്ക് ഇന്ത്യ അംഗീകരിച്ചില്ല. ബോംബെ ഹൈക്കോടതിയിലും ഫേസ്ബുക്ക് വിചിത്ര വാദങ്ങള്‍ ഉന്നയിച്ചു ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഫേസ്ബുക്കുമായുള്ള ബന്ധം തെരഞ്ഞെടുപ്പ് കമ്മീന് പരിശോധിക്കുന്നില്ല, തെരഞ്ഞെടുപ്പിനെ ബന്ധം ബാധിച്ചിട്ടുണ്ടോ? ഫേസ്ബുക്ക് ഇന്ത്യ എത്രത്തോളം ബി.ജെ.പിയെ സഹായിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്.