India National

കെജ്‍രിവാളിനെതിരായ യോഗിയുടെ ‘ബിരിയാണി’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ‘ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‍രിവാള്‍ ബിരിയാണി നല്‍കാമെന്നേറ്റിട്ടുണ്ട്’ എന്ന യോഗിയുടെ പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മുമ്പ് പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രാഥമിക അന്വേഷണത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും കമ്മീഷന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് യോഗി ആദിത്യനാഥ് വിവാദമായ പരാമര്‍ശം കെജ്‍രിവാളിനെതിരെ ഡല്‍ഹിയില്‍ നടത്തിയത്.

അതെ സമയം ആംആദ്മി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഫെബ്രുവരി രണ്ടിന് ശാഹീന്‍ ബാഗിലും ജാമിഅ പരിസരങ്ങളിലും വലിയ പ്രശ്നം സൃഷ്ടിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടുണ്ട് എന്നായിരുന്നു ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആം ആദ്മി നേതാവ് പെരുമാറ്റ ചട്ടം ലംഘിച്ചതായും പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. വെള്ളിയാഴ്ച്ച ഉച്ച വരെയുള്ള സമയമാണ് സഞ്ജയ് സിംഗിന് വിശദീകരണത്തിനായി അനുവദിച്ചത്.

ഇതിന് മുമ്പ് ബി.ജെ.പി നേതാക്കളായ പര്‍വേഷ് സാഹിബ് സിംഗ്, അനുരാഗ് താക്കൂര്‍ എന്നിവരെ സ്റ്റാര്‍ ക്യാംപയിനര്‍ സ്ഥാനത്ത് നിന്നും ബി.ജെ.പി നീക്കം ചെയ്യുകയും ക്യാംപയിനില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ‘ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വീട്ടില്‍ കയറി സ്ത്രീകളെ പീഡിപ്പിക്കുമെന്നായിരുന്നു’ പര്‍വേഷ് സിംഗ് നടത്തിയ വിവാദ പരാമര്‍ശം. ‘രാജ്യദ്രോഹികളെ വെടിവെക്കണ’മെന്നാണ് അനുരാഗ് താക്കൂര്‍ പ്രചരണത്തില്‍ പറഞ്ഞത്.