കോഴിക്കോട് പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പൊലീസ് നടപടിയില്‍ കടുത്ത അതൃപ്തിയുമായി സി.പി.എം. കല്ലെറിഞ്ഞത് ആര്‍.എസ് എസാണെന്ന് ആരോപിച്ച് മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് എത്തി. ആര്‍.എസ്.എസ് ബന്ധമുള്ള പോലീസുകാര്‍ എഫ്.ഐ.ആറില്‍ തെറ്റായ വിവരങ്ങള്‍ എഴുതി ചേര്‍ത്തുവെന്നും ആരോപിച്ചു. പോലീസ് നടപടിയിലെ അതൃപ്തി പാര്‍ട്ടി ജില്ലാ നേതൃത്വം ആഭ്യന്തര വകുപ്പിലെ ഉന്നതരേയും അറിയിച്ചു.
ലഹളയുണ്ടാക്കാനായി സി.പി.എം പ്രവര്‍ത്തകര്‍ കരുതികൂട്ടി ജുമാമസ്ജിദിന് കല്ലെറിഞ്ഞുവെന്ന പോലീസ് എഫ്.ഐ.ആറിലെ പരാമര്‍ശവും ബ്രാഞ്ച് സെക്രട്ടറിയെ പ്രതിചേര്‍ത്തതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇത് രാഷ്ട്രീയമായ തിരിച്ചടികള്‍ക്ക് വഴിവെക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്നു. തുടര്‍ന്നായിരുന്നു പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആദ്യം സി.പി.എം ജില്ലാ സെക്രട്ടറി തന്നെ പരസ്യ പ്രതികരണം നടത്തിയത്. പിന്നാലെ ഒരു പടികൂടി കടന്ന്, പള്ളിക്ക് കല്ലെറിഞ്ഞത് ആര്‍.എസ്.എസാണെന്നും ഇവരെ രക്ഷിക്കാനായി പോലീസുകാരാണ് എഫ്.ഐ.ആറില്‍ തെറ്റായ വിവരങ്ങള്‍ എഴുതി ചേര്‍ത്തതെന്നും മന്ത്രി ഇ.പി ജയരാജന്‍ ആരോപിച്ചത്.
ഇടത് സര്‍ക്കാരിന്റെ ഭരണ കാലത്ത് പോലീസ്, പാര്‍ട്ടിയെ അനാവശ്യമായി വിവാദത്തിലാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെയും പൊതുവികാരം. ചെറിയ പ്രശ്നത്തിന് വലിയ വകുപ്പ് ചുമത്തി സംസ്ഥാനത്താകെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പോലീസ് നടപടിയിലുള്ള അതൃപ്തി ആഭ്യന്തര വകുപ്പ് ഉന്നതരേയും ജില്ലാ നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പേരാമ്പ്രയില്‍ സബ്കലക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചെങ്കിലും യു.ഡി.എഫ് നേതാക്കള്‍ വിട്ടു നിന്നു.