ന്യൂദല്‍ഹി : രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തിരമായി സുരക്ഷാ മേഖലകള്‍ രേഖപ്പെടുത്തി വിജ്ഞാപനം ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ കത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുരക്ഷാ മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുന്ന ഡ്രോണുകള്‍ വെടിവെച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ കേരളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യൂണിക് ഐഡന്‍ഫിക്കേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. നിരോധിതമേഖലകള്‍, തന്ത്രപ്രധാന മേഖലകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ലന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും ഡ്രോണുകള്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുമ്ബ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും അനുമതി വാങ്ങണമെന്നും ബെഹ്‌റ പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.