Cricket India Sports

‘സഞ്ജുവിന്റെ തിരിച്ചുവരവിനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല’; താരവുമായി സംസാരിച്ച് അജിത് അഗാർക്കർ

മികച്ച ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയുന്നതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ലോകകപ്പും ഏഷ്യാ കപ്പും ഉൾപ്പെടെ അടുത്തിടെ നടന്ന ഒരു പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഏറ്റവുമൊടുവിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിലും താരത്തെ ഒഴിവാക്കി.

യുവനിരയ്ക്ക് പ്രധാന്യം നൽകുന്ന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അതുണ്ടായില്ല. പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ജിതേഷ് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്കാണ് അവസരം ലഭിച്ചത്. സഞ്ജുവിനെ വീണ്ടും തഴഞ്ഞതിൽ ചോദ്യങ്ങൾ ഉയരുന്നതിനിടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ താരവുമായി സംസാരിച്ചതായി റിപ്പോർട്ട്.

മുംബൈയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന പൂർണ വിവരം അറിവായിട്ടില്ലെങ്കിലും, സെലക്ഷൻ കമ്മിറ്റിയുടെ ഭാവി പരിപാടികളുടെ ഭാഗമാണ് കേരള ക്രിക്കറ്റ് താരം എന്നാണ് സൂചന. ഭാവിയിൽ 100 ശതമാനമല്ല, 200 ശതമാനവും സഞ്ജു ടീമിൻ്റെ ഭാഗമാകുമെന്ന് അജിത് അഗാർക്കർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഫിറ്റ്നസ് മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യണമെന്ന് സഞ്ജുവിനോട് സെലക്ടർമാരും ടീം മാനേജ്‌മെന്റും നിർദേശിച്ചതായും അറിയുന്നു.

വിശാഖപട്ടണത്ത് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിയില്ലെങ്കിലും, വ്യാഴാഴ്ച ആളൂരിൽ നടക്കുന്ന വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീമിനെ നയിക്കാൻ സഞ്ജു ഒരുങ്ങുകയാണ്. ആഭ്യന്തര ഏകദിന ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ടീം ഇന്ത്യയിലേക്ക് മടങ്ങിവരാം.