India

നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ നടപടി

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടേഴ്‌സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് നടപടി. റോഡ് ഉപരോധിച്ച ഡോക്ടേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രദേശത്ത് വലിയ സംഘര്‍ഷ സാധ്യതയാണ് നിലനില്‍ക്കുന്നത്.

റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം പൊലീസ് നേരത്തെ തടഞ്ഞിരുന്നു. എന്നാല്‍ ഡോക്ടേഴ്‌സ് പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനിടയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ഡോക്ടര്‍മാര്‍ ഉപരോധിച്ച ഐടിഒയിലെ റോഡ് തുറന്ന് പൊലീസ് കൊടുത്തു.

നീറ്റ് പിജി കൗണ്‍സിലിങ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് പ്രതിഷേധിത്തിനുകാരണം. രാവിലെ 10 മണിയോടെയാണ് റോഡിലിരുന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി.

എന്നാല്‍ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെ അറിയിച്ചത്. തുടര്‍ന്ന് റോഡ് ഉപരോധിച്ച ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.