ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പണി മുടക്കും. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം.
സർക്കാർ സ്വകാര്യമേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരത്തിന് ആഹ്വാനം ചെയ്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വം അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോകസഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. മൂന്ന് ദശാംശം അഞ്ച് ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബില്ല് കാരണമാകുമെന്ന ഗുരുതരമായ ആരോപണത്തോടെയാണ് ഡോക്ടര്‍മാരുടെ സമരം.
പ്രതിപക്ഷത്തിന്‍റെ എതിർപ്പ് മറികടന്നാണ് മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ സർക്കാർ പാസാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തെയും അടിയന്തിര ശസ്ത്രക്രിയാ വിഭാഗത്തെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കും. നാളെ രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്.