India National

ധീരതക്കുള്ള 5,000 മെഡലുകള്‍ തിരിച്ച് നല്‍കുന്നു; കര്‍ഷക പ്രതിഷേധം കനക്കുന്നു

സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യൻ സൈനികര്‍ ധീരതക്ക് ലഭിച്ച 5,000 മെഡലുകള്‍ ശേഖരിച്ച് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കേന്ദ്രം മുന്നോട്ടുവെച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ 25,000 മെഡലുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിഷേധിക്കുന്ന സൈനികര്‍ പറഞ്ഞു.

‘സൈനികരും കര്‍ഷകരുമുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എട്ടുപേര്‍ രാജ്യത്തിനായി അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്, ഞാന്‍ അതില്‍ അഭിമാനിക്കുന്നുമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്‍റ് എന്താണ് ഞങ്ങളോട് ചെയ്യുന്നത് ? ഈ രാജ്യം ജീവിക്കാന്‍ യോഗ്യമല്ലാതായി തുടങ്ങിയിരിക്കുന്നു’ വിരമിച്ച സൈനികന്‍ ബല്‍വന്ദ് സിങ് പറഞ്ഞു.

ഇതോടൊപ്പം, രാജ്യത്തെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷക സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍ ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കിയത്.