രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തിന് ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റപ്പെടുത്തി ശിവസേന രംഗത്ത്. നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള ബി.ജെ.പിയുടെ അസ്വാഭാവിക നീക്കങ്ങളാണ് നിലവിലെ മാന്ദ്യത്തിന് കാരണമെന്ന് ശിവസേന ആരോപിച്ചു. രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.
രാജ്യത്തെ ചില്ലറ വില്‍പ്പന വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിദേശ രാജ്യങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ രാജ്യത്ത് നിന്ന് വന്‍ ലാഭം കൊയ്യുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വിപരീത ഫലമാണുണ്ടാക്കിയതെന്നും ശിവസേന കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോൾ രാജ്യം നേരിടുന്ന മാന്ദ്യത്തിന് കാരണം ബി.ജെ.പിയുടെ നയങ്ങളാണെന്നും സേന കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ ‘അധികാരത്തിന്റെ വിദൂര നിയന്ത്രണം’ തങ്ങള്‍ക്കാണെന്ന് മുഖപത്രത്തിൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന രംഗത്തുവന്നിരിക്കുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ലഭിച്ച സീറ്റിന്റെ എണ്ണവുമായി ബന്ധപ്പെട്ട് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടി ബി.ജെ.പിയെ പരിഹസിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും സംസ്ഥാനത്ത് അധികാരം പങ്കിടുന്നത് സംബന്ധിച്ച് തർക്കത്തിലാണ്. മുഖ്യമന്ത്രി സ്ഥാനം രണ്ട് പാർട്ടികൾക്കിടയിൽ 2.5 വർഷം വീതം പങ്കിടണമെന്നാണ് സേനയുടെ ആവശ്യം.