ഗതാഗത നിയമലംഘകർക്ക് 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഭീമന്‍ പിഴത്തുകയാണ് രാജ്യത്ത് ട്രാഫിക് പൊലീസ് അടുത്തിടെ ചുമത്തി റെക്കോര്‍ഡിട്ടത്. താങ്ങാനാവാത്ത പിഴത്തുകയുടെ പേരില്‍ പൊലീസും വാഹന ഉടമകളും തമ്മിലുള്ള തര്‍ക്കം ഇതോടെ പതിവാകുകയും ചെയ്തു. ഇതോടെ പ്രതിഷേധം ഭയന്ന് ചില സംസ്ഥാനങ്ങള്‍ വലിയ പിഴത്തുക ചുമത്തുന്നതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പിഴ ചുമത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമാണ്.
ഡൽഹിയിലെ കശ്മീരി ഗേറ്റിലാണ് കഴിഞ്ഞദിവസം ഗതാഗത തിരക്കേറിയ സമയത്ത് വൻ നാടകം അരങ്ങേറിയത്. ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുകയായിരുന്ന യുവതിയെയാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. സ്കൂട്ടറിലെ നമ്പർ പ്ലേറ്റ് തകർന്ന അവസ്ഥയിലായിരുന്നുവെന്നും, കൂടാതെ യുവതി ഹെൽമെറ്റ് ശരിയായ രീതിയില്‍ ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. ആദ്യം പൊലീസുകാരോട് തനിക്ക് ചലാന്‍ നല്‍കരുതെന്ന് അപേക്ഷിച്ച യുവതി, ഇത് നിരസിച്ച പൊലീസുകാരോട് ആക്രോശിക്കാനും കരയാനും തുടങ്ങി. പിന്നീട് തനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് യുവതി പൊലീസുകാരെ അറിയിച്ചു.
യുവതിയുടേത് അഭിനയമാണെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നതോടെ ഭാവം മാറി. തർക്കിക്കുന്നതിനിടെ ഹെൽമെറ്റ് റോഡിൽ വലിച്ചെറിഞ്ഞ യുവതി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തൂങ്ങിമരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി, താന്‍ ആത്മഹത്യ ചെയ്താല്‍ ഉദ്യോഗസ്ഥർ എന്തുചെയ്യുമെന്നും ചോദിച്ചു. പൊലീസും യുവതിയുമായുള്ള തര്‍ക്കം ഏകദേശം 20 മിനിറ്റിലധികം നീണ്ടു. ഇത് കാണാന്‍ വഴിയാത്രക്കാർ ചുറ്റും കൂടിയതോടെ പൊലീസുകാരും വെട്ടിലായി. ഗതാഗത തിരക്ക് രൂക്ഷമായതോടെ ഉദ്യോഗസ്ഥർ ചലാന്‍ നല്‍കാതെ യുവതിയെ വിട്ടയക്കുകയായിരുന്നു.