വടക്കുകിഴക്കൻ ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, ഡല്‍ഹി പൊലീസ് കമ്മീഷണർ അമുല്യ പട്നായിക്, ബി.ജെ.പി നേതാവ് മനോജ് തിവാരി, രാംവീർ ബിദുരിയാന്ദ്, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഡല്‍ഹി എം.എൽ.എമാരുമായി ചര്‍ച്ച നടത്തിയ കെജ്‌രിവാൾ നിലവിലെ സാഹചര്യം വളരെയധികം ആശങ്കാജനകമാണെന്ന് പറഞ്ഞു. യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സമാധാനം നിലനിർത്താൻ കെജ്‌രിവാൾ ഡല്‍ഹി ജനതയോട് അഭ്യർഥിച്ചു.
വടക്കുകിഴക്കൻ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെച്ചൊല്ലി സമരക്കാര്‍ക്ക് നേരെ സംഘപരിവാര്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലായിരുന്നു അമിത് ഷാ – കെജ്‍രിവാള്‍ കൂടിക്കാഴ്ച. ബി.ജെ.പി നേതാവ് കപില്‍ മിശ്ര കലാപത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു സംഘപരിവാര്‍ മേഖലയില്‍ അഴിഞ്ഞാടിയത്. തിങ്കളാഴ്ച മേഖല യുദ്ധക്കളമായി മാറുകയായിരുന്നു. വിളറിപൂണ്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീടുകളും കടകളും വാഹനങ്ങളും കത്തിച്ചു. സി.എ.എ സമരക്കാര്‍ക്ക് നേരെ രൂക്ഷമായ കല്ലേറുമുണ്ടായി. ഇതിനിടെ വിവിധയിടങ്ങളിലായി ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അക്രമത്തിൽ കൊല്ലപ്പെട്ട ഏഴു പേരിൽ ഡല്‍ഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഉൾപ്പെടുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് എം.എല്‍.എമാരുമായി കെജ്‍രിവാള്‍ നടത്തിയ ചര്‍ച്ചക്കിടെ, അതിർത്തി മേഖലകളിലെ എം.എൽ.എമാർ, പുറത്തുനിന്ന് ആളുകൾ ഇവിടേക്ക് വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഡല്‍ഹിയുടെ അതിർത്തികൾ അടച്ച്, പ്രതിരോധ അറസ്റ്റുകൾ നടത്തേണ്ടതുണ്ടെന്നും അമിത് ഷായെ കാണുന്നതിന് മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. ”അക്രമങ്ങളില്‍ നിരവധി പൊലീസുകാർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയും ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിരവധി വീടുകൾക്ക് തീവെക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തു. ഇത് വളരെ നിർഭാഗ്യകരമാണ്, ” കെജ്‍രിവാള്‍ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.