ഇന്നലെ മരണപ്പെട്ട 31കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് റാണയുടെ സ്രവ പരിശോധനാഫലം ഇന്നാണ് വന്നത്. തുടര്‍ന്ന് മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു
ഡൽഹിയിൽ ഇന്നലെ മരണപ്പെട്ട പൊലീസ് കോണ്‍സ്റ്റബിളിന് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്. 31കാരനായ അമിത് റാണയുടെ സ്രവ പരിശോധനാഫലം ഇന്നാണ് വന്നത്. തുടര്‍ന്ന് മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹി പൊലീസുമായ് ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് മരണമാണ് അമിത് റാണയുടേത്.
തിങ്കളാഴ്ച വൈകുന്നേരം വരെ രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ഇദ്ദേഹത്തിന് അന്ന് രാത്രിയാണ് കടുത്ത പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത്, ഇതിനെത്തുടര്‍ന്ന് ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ദീപ് ചന്ദ് ബന്ദി ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് സ്ഥിതി മോശമായതിനെത്തുടര്‍ന്ന് രാം മനോഹർ ലോഹിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുന്നത്.
മരിക്കുന്നതിന് മുൻപ് അമിത് റാണയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നാണ് ലഭിച്ചത്. ഫലം കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരോട് ഐസൊലേഷൻ വാർഡിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.