അഴിമതി രഹിത ഇന്ത്യ ലക്ഷ്യം വെച്ചുകൊണ്ട് 2011-ല്‍ സ്വാതന്ത്ര്യസമര സേനാനി അണ്ണാ ഹസാരെ ആരംഭിച്ച ‘India against Corruption movement’ ന്‍റെ രാഷ്ട്രീയ ഉപോല്പന്നമായാണ് ആംആദ്മി പാര്‍ട്ടി ഉദയം കൊള്ളുന്നത്. അന്ന് രാജ്യമാകെ പടര്‍ന്നുപിടിച്ച ‘അണ്ണാ തരംഗ’ത്തിലെ പ്രധാനികളായിരുന്നു അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ഗോപാല്‍ റായി, ശാന്തിഭൂഷണ്‍, മകന്‍ പ്രശാന്ത് ഭൂഷണ്‍, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, കിരണ്‍ ബേദി തുടങ്ങിയവര്‍. 2009 മുതല്‍ 2014 വരെ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ കൊടിയ അഴിമതിയാരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നപ്പോഴായിരുന്നു അണ്ണാ ഹസാരെയുടെ രാഷ്ട്രീയ രംഗപ്രവേശം. അഴിമതിക്കെതിരായ ആ ജനമുന്നേറ്റത്തിന് മുന്‍പൊരിക്കലുമില്ലാത്ത സമ്മതിയാര്‍ജിക്കാന്‍ കഴിഞ്ഞു. ഈ ജനകീയ പ്രക്ഷോഭത്തിന്‍റെ പ്രധാന ചാലകശക്തിയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍.
ഹരിയാനയിലെ ഭിവാനി ജില്ലയാണ് കെജ്‌രിവാളിന്‍റെ സ്വദേശം. ഐഐടി ഖരഗ്പൂരില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം 1989-ല്‍ ടാറ്റാ സ്റ്റീല്‍സില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീടായിരുന്നു ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഇന്‍കം ടാക്സ് ജോയിന്‍റ് കമ്മീഷണറായി പ്രവര്‍ത്തിച്ചത്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായി പേരെടുത്ത അദ്ദേഹം 2006-ലെ മാഗ്‌സസെ അവാര്‍ഡ് ജേതാവ് കൂടിയാണ്.
ആംആദ്മി പാര്‍ട്ടിയുടെ ഉദയം
മുഖ്യധാരാ രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കറ പുരണ്ടവരാണെന്ന പൊതുധാരണ രാജ്യത്താകെ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു സംശുദ്ധ രാഷ്ട്രീയത്തിന്‍റെ വക്താക്കളെന്ന പേരില്‍ ആംആദ്മി പാര്‍ട്ടി 2012 ഒക്‌ടോബര്‍ 2-ന് ഉദയം ചെയ്യുന്നത്. ”എല്ലാം മുറപോലെയേ നടക്കൂ” എന്ന നാട്ടിലാകെ നിലനിന്ന വിശ്വാസ പ്രമാണത്തെ എഎപി തകര്‍ത്തെറിയുകയായിരുന്നു. വലിയ ആത്മവിശ്വാസമാണ് ഇന്ത്യയിലെ ഇടത്തരക്കാര്‍ക്കും ‘നെറ്റിസണ്‍മാര്‍ക്കും’ ആംആദ്മിയുടെ കടന്നുവരവ് പ്രദാനം ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ അടിമുടി ഗ്രസിച്ച അഴിമതിയോടുള്ള പോരാട്ടത്തിന്‍റെ യഥാര്‍ത്ഥ അവകാശികളായി ‘ആപ്’ ഉയര്‍ത്തപ്പെട്ടു. സ്വതന്ത്രവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ലോക്പാല്‍ നിയമത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വിവരാവകാശ നിയമത്തെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നൂതന പ്രവര്‍ത്തനരീതിയിലൂടെ എഎപി തങ്ങളുടെ ജനസമ്മതി വാനോളമുയര്‍ത്തി.
2013 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുമായി ഞെട്ടിക്കുന്ന രംഗപ്രവേശം നടത്താന്‍ എഎപി ക്കായി. സമരവേദികളിലെ പ്രക്ഷോഭകാരിയായ ‘മഫ്‌ളര്‍മാനി’ല്‍ നിന്ന് പക്വത വന്ന ഭരണാധികാരിയിലേക്കുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ വളര്‍ച്ചയുടെ സൂചന അധികാരത്തിലേറിയതിന്‍റെ തുടക്കത്തില്‍ തന്നെ തെളിയിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍, വൈകാതെ പ്രതിസന്ധികളോരോന്നായി അദ്ദേഹത്തെ തേടിയെത്തി. പല പ്രധാന തീരുമാനങ്ങളുടെ പേരിലും സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അവ വളര്‍ന്ന് ഏറ്റുമുട്ടലുകളിലേക്കെത്തെയതിനെ തുടര്‍ന്ന് 49 ദിവസത്തെ ഭരണത്തിനുശേഷം കെജ്‌രിവാളിന് രാജിവെച്ചൊഴിയേണ്ടി വന്നു.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ കരുനീക്കാന്‍ എഎപിക്കായി. സംഘടനയുടെ നേട്ടമെന്ന് കൊട്ടിഘോഷിക്കപ്പെട്ട ജനപ്രിയ രീതികളില്‍നിന്നും പതിയെ പിറകോട്ട് പോകാനും സംഘടനയെ ദുര്‍ബലമാക്കുന്ന അധിക ജനാധിപത്യരീതിയെ ഒട്ടൊന്നു നിയന്ത്രിക്കാനും കെജ്‌രിവാള്‍ മുതിരുന്നതാണ് പിന്നീട് കണ്ടത്. സ്വാഭാവികമായും വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ‘ആപ്പി’നുള്ളില്‍ തന്നെ ഉരുണ്ടുകൂടി. തന്‍റെ കാല്‍ക്കീഴിലേക്ക് സംഘടനാ സംവിധാനങ്ങളെ കേന്ദ്രീകരിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പല സ്ഥാനാര്‍ത്ഥിത്വങ്ങളും എതിര്‍പ്പുകള്‍ വിളിച്ചുവരുത്തി.
ഭരണത്തിനപ്പുറം ദൗത്യമുള്ള പ്രസ്ഥാനമായാണ് ആം ആദ്മി പാര്‍ട്ടി സ്വയം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ സ്ഥാപക നേതാക്കളെ വരെ പുറന്തള്ളുന്ന സമീപനം കെജ്‌രിവാളില്‍ നിന്നുണ്ടായതോടെ ഇന്ത്യന്‍ ജനതയ്ക്കും രാഷ്ട്രീയത്തിനും ആ പാര്‍ട്ടി കൈമാറിയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു എന്ന വിലയിരുത്തലും പുറത്തുവരികയുണ്ടായി.
ആദ്യ പ്രതിഷേധം ചിലരെ സ്ഥാനാര്‍ത്ഥികളാക്കിയതിലായിരുന്നു. വിജയിക്കാന്‍ യാതൊരു സാധ്യതയില്ലാത്തവരും മോശം ട്രാക്ക് റെക്കോര്‍ഡുള്ളവരും എഎപിയുടെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കപ്പെട്ടത് വലിയ വിമര്‍ശം ക്ഷണിച്ചുവരുത്തി. എഎപി സ്വീകരിച്ച പലവിധങ്ങളായ തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ചും വിവിധ കോണുകളില്‍നിന്നും അഭിപ്രായ വ്യത്യാസങ്ങളുയര്‍ന്നുവന്നു. ചില ചോദ്യങ്ങളോടെങ്കിലും ആപ് നേതൃത്വം സഹിഷ്ണുതയില്ലായ്മ പ്രകടിപ്പിച്ചത് എതിര്‍പ്പുകള്‍ വിളിച്ചുവരുത്തി. ചിലരുടെ സഹായങ്ങളെല്ലാം കണ്ണടച്ച് സ്വീകരിക്കുകയായിരുന്നുവെന്ന വ്യാപക വിമര്‍ശമുയര്‍ന്നു.
2015 ല്‍ വന്‍ ഭൂരിപക്ഷം കിട്ടിയ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മൂന്നാഴ്ച പിന്നിടുമ്പോഴേക്കും വലിയ വേര്‍തിരിവ് പാര്‍ട്ടിക്കുള്ളിലുണ്ടായി. സ്ഥാപക മെമ്പര്‍മാരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് പുറത്തുപോയി. കെജ്‌രിവാളിന്‍റേത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഒട്ടുമില്ലാത്ത ഏകാധിപത്യ പ്രവണതയാണെന്നായിരുന്നു അവരുടെ വിമര്‍ശം. അഭിപ്രായവ്യത്യാസമുയര്‍ത്തിയവര്‍ പ്രവര്‍ത്തിക്കുന്നത് ആദര്‍ശത്തിന്‍റെ അടിസ്ഥാനത്തിലല്ല, ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തിലാണെന്നുള്ള കെജ്‌രിവാളിന്‍റെ പ്രതികരണം എരിതീയില്‍ എണ്ണയൊഴിക്കലായി. പാര്‍ട്ടിക്ക് ആശയപരമായ ബലവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവും പ്രദാനം ചെയ്ത നേതാക്കളില്‍ പ്രമുഖരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരെ പാര്‍ട്ടിക്ക് പുറത്തെത്തിച്ചതില്‍ കെജ്‌രിവാള്‍ കാണിച്ച അമിത താത്പര്യം പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഭരണത്തിനപ്പുറം ദൗത്യമുള്ള പ്രസ്ഥാനമായാണ് ആം ആദ്മി പാര്‍ട്ടി സ്വയം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ സ്ഥാപക നേതാക്കളെ വരെ പുറന്തള്ളുന്ന സമീപനം കെജ്‌രിവാളില്‍ നിന്നുണ്ടായതോടെ ഇന്ത്യന്‍ ജനതയ്ക്കും രാഷ്ട്രീയത്തിനും ആ പാര്‍ട്ടി കൈമാറിയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു എന്ന വിലയിരുത്തലും പുറത്തുവരികയുണ്ടായി.
കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍
സാധാരണ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പല മണ്ഡളിലും മുന്‍പൊരിക്കലുമില്ലാത്തവിധം ഇടപെടുന്നതിന് കെജ്‌രിവാള്‍ സര്‍ക്കാരിന് സാധിച്ചുവെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന സര്‍ക്കാരും കൈവെക്കാത്ത പല മേഖലകളിലും ഫലപ്രദമായി ഇടപെടാന്‍ ഈ സര്‍ക്കാരിനായി. കെജ്‌രിവാളിനൊപ്പം മന്ത്രിസഭയിലും പുറത്തുമായി തിളങ്ങുന്ന പ്രവര്‍ത്തനരീതി കാഴ്ചവെക്കുന്ന ഒരു ടീം എഎപിക്ക് സ്വന്തമായുണ്ട്. മനീഷ് സിസോദിയ, ഗോപാല്‍ റായി, സഞ്ജയ് സിങ്, അതിഷി, ജാസ്മിന്‍ഷാ, നാരു രാധാകൃഷ്ണന്‍, അങ്കിത്‌ലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്ന ഈ ടീമാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ തിളങ്ങുന്ന ഭരണനേട്ടങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍.
വൈദ്യുതിരംഗം
ഡല്‍ഹിയിലെ 50 ലക്ഷത്തിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന സുപ്രധാന നടപടി കെജ്‌രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയുണ്ടായി. ഇതനുസരിച്ച് 200 യൂണിറ്റ് വരെ മാസ ഉപഭോഗമുള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണിപ്പോള്‍. 31 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമായിരിക്കുന്നത്. ഉപഭോഗം 200 നും 400 നും ഇടയ്ക്കാണെങ്കില്‍ ബില്‍തുക പകുതി മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. ഈ ആനുകൂല്യത്തിന് അര്‍ഹത ലഭിച്ചിരിക്കുന്നത് 12 ലക്ഷം പേര്‍ക്കാണ്.
കുടിവെള്ളം
പ്രതിമാസം 20,000 ലിറ്റര്‍ വരെ കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യമനുവദിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ 14 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമായിട്ടുള്ളത്.
ഫ്രീ വൈ-ഫൈ
2019 ഡിസംബറില്‍ 100 വൈ-ഫൈ ഹോട്‌സ്‌പോട്ടുകള്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ആഴ്ചതോറും 500 പുതിയ ഇത്തരം ഹോട് സ്‌പോട്ടുകള്‍ തുടങ്ങാനാണ് പ്ലാന്‍. സംസ്ഥാനത്താകെ ഇത്തരം 11,000 ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
സൗജന്യ ടൂറിസം പദ്ധതി
60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് (സീനിയര്‍ സിറ്റിസണ്‍സ്) കുടുംബസമേതം മൂന്ന് ദിവസത്തെ സൗജന്യ തീര്‍ത്ഥാടന കേന്ദ്ര സന്ദര്‍ശനമാണ് മറ്റൊരു ആകര്‍ഷക പദ്ധതി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ യാത്ര. പ്രതിവര്‍ഷം 77,000 പേര്‍ക്കെങ്കിലും ഈ ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.
വനിതകള്‍ക്ക് സൗജന്യയാത്ര
സംസ്ഥാനത്തെ മുഴുവന്‍ വനിതകള്‍ക്കും ബസ്സുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു ജനപ്രിയ പ്രഖ്യാപനം. 290 കോടി രൂപയാണ് ഇതിനായി സംസ്ഥാന ഖജനാവില്‍നിന്ന് നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തിനാകെ മാതൃകയാകുന്നതാണ് ഈ പ്രഖ്യാപനമെന്ന് വിലയിരുത്തപ്പെടുന്നു.
കെജ്‌രിവാളിനെതിരെ വിമര്‍ശനങ്ങള്‍
അനേകം ജനപ്രിയ തീരുമാനങ്ങള്‍ എടുത്തുവെങ്കിലും കെജ്‌രിവാള്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതില്‍ മത്സരത്തിലേര്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. സുതാര്യമായ ഭരണരീതിയാണ് എഎപി തുടക്കത്തിലേ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷവും സര്‍ക്കാരെടുത്ത പല നടപടികളും ഈ രീതിയെ തുരങ്കം വെക്കുന്നവയാണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സുപ്രധാന നയങ്ങളിന്മേലുള്ള തീരുമാനങ്ങളെല്ലാം ജനങ്ങളുമായി സംവദിച്ചതിനുശേഷമെ നടക്കൂവെന്നും ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ പ്രധാന തീരുമാനങ്ങളെടുക്കില്ല എന്നതൊക്കെ എഎപിയുടെ പ്രധാന വാഗ്ദാനങ്ങളായിരുന്നു. ഇവയില്‍ പലതും നടപ്പില്‍ വന്നില്ലെന്ന വിമര്‍ശം വ്യാപകമാണ്. The Delhi (Right of Citizen to Time Bound Delivery of Services) Ammendment Bill, 2015 ഇത്തരത്തിലുള്ള ഒരു ബില്ലാണ്. സുപ്രധാനമായ ഈ ബില്ലിനെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിന് കെജ്‌രിവാള്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കിയില്ലെന്ന് പ്രതിപക്ഷം വ്യാപക വിമര്‍ശമുന്നയര്‍ത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ഉത്ഭവകാലത്ത് അഭിമാനകരമായ ആയുധമായി പ്രചരിപ്പിക്കപ്പെട്ട വിവരാവകാശ നിയമത്തെപ്പോലും സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നുമുള്ള പരാതികളുയര്‍ന്നു. പല വിവരാവകാശ ചോദ്യങ്ങളില്‍നിന്നും സൗകര്യപൂര്‍വം വഴുതിമാറുന്ന രാഷ്ട്രീയ വഴക്കം എഎപി മന്ത്രിമാരും സ്വായത്തമാക്കിയെന്നും ആരോപണങ്ങളുയര്‍ന്നു.
സ്വരാജ്, ബദല്‍ രാഷ്ട്രീയം തുടങ്ങി എഎപി മുന്നോട്ടുവെക്കുന്ന ആദര്‍ശങ്ങള്‍ പലതും ഉപരിപ്ലവമായ സംഭാഷണങ്ങള്‍ മാത്രമാണെന്ന് ഇടതുപക്ഷത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. പഴയ സംവരണ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രംഗത്തുവന്ന സവര്‍ണ ചെറുപ്പക്കാരുടെ പിന്മുറക്കാരാണ് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയുമടക്കമുള്ള എഎപി നേതൃത്വമെന്നും സംഘപരിവാറിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന വലിയ പ്രതിഷേധനിരയില്‍ ആംആദ്മി പാര്‍ട്ടി വേണ്ടത്ര പങ്കാളിത്തം വഹിക്കുന്നില്ലെന്നുമവര്‍ക്ക് പരാതിയുണ്ട്. ജനപ്രിയമായ ചില പ്രായോഗിക നടപടികള്‍ക്കപ്പുറം വിശാലമായ രാജ്യതാല്പര്യത്തിലേക്ക് കെജ്‌രിവാളിന്‍റെ രാഷ്ട്രീയം ഉയരേണ്ടതുണ്ടെന്നും അവര്‍ പ്രചരിപ്പിക്കുന്നു.
കെജ്‌രിവാളിന്‍റെ പ്രവര്‍ത്തനരീതി വ്യക്തികേന്ദ്രീകൃതമാണെന്ന് തെരഞ്ഞെടുപ്പ് ഗോദയിലും പരാതി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇപ്രാവശ്യം എഎപി മുന്നോട്ടുവെച്ച മുഖ്യ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ”അച്ഛെ ബീത്തെ പാഞ്ച് സാല്‍, ലഗേ രഹോ കെജ്‌രിവാള്‍” – ‘കഴിഞ്ഞ അഞ്ചുവര്‍ഷം ഗംഭീരമായിരുന്നു, കേജ്‌രിവാള്‍ തന്നെ തുടരട്ടെ’ എന്നതാണ്. ഇതിനെത്തന്നെ കീറിമുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഈ പ്രഖ്യാപിത ലക്ഷ്യത്തില്‍ തന്നെയുണ്ട് എഎപിയുടെ വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനശൈലിയെന്നാണ് പ്രധാന വിമര്‍ശം. പ്രചാരണരംഗത്ത് ആംആദ്മി പാര്‍ട്ടിയേക്കാള്‍ പ്രാധാന്യം കെജ്‌രിവാളെന്ന വ്യക്തിയിലേക്ക് സ്വരൂപിക്കപ്പെടുന്നുവെന്നത് ഒട്ടൊക്കെ സത്യവുമാണ്.
2017 ല്‍ പഞ്ചാബിലും ഗോവയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ന്ന് നടന്ന ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പ്രതീക്ഷിത വിജയം നേടാന്‍ എഎപിക്ക് കഴിഞ്ഞിരുന്നില്ല. ‘ആപ് യുഗം’ അവസാനിക്കുന്നതിന്‍റെ സൂചനകള്‍ വന്നുതുടങ്ങിയെന്നും കൊട്ടിഘോഷിച്ച ‘ബദല്‍ രാഷ്ട്രീയം’ ഇതാ അവസാനിക്കാന്‍ പോകുന്നു എന്നും പല മാധ്യമ വിശാരദന്മാരും ചില വിശകലന വിദഗ്ധരും ആര്‍ത്തുവിളിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തോടൊപ്പം ഇത്തരം വാദങ്ങളോടുള്ള ഡല്‍ഹി നിവാസികളുടെ മറുപടി കൂടിയായിരിക്കും വരാനിരിക്കുന്ന ഈ തെരഞ്ഞെടുപ്പ്.