ഡല്‍ഹി വായു മലിനീകരണ കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ ശകാരം. പാവപ്പെട്ട കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധയില്ലെന്ന് സുപ്രീം കോടതി. കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ഉത്തരവിട്ടു.
കൊയ്ത്ത് നിലങ്ങള്‍ കത്തിക്കാതെ കൈകാര്യം ചെയ്യാന്‍ ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് 7 ദിവസത്തിനകം ക്വിന്റലിന് 100 രൂപ വെച്ച് ധനസഹായം നല്‍കണമെന്ന് യു.പി, ഹരിയാന, പഞ്ചാബ് സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇവര്‍ക്ക് നിലം വൃത്തിയാക്കാനുള്ള മെഷീനുകളും സര്‍ക്കാരുകൾ എത്തിച്ചുനല്‍കണം. ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസില്‍ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി കോടതി രൂക്ഷമായ ഭാഷയില്‍ ശകാരിക്കുകയും ചെയ്തു. യു.പി, ഹരിയാന, പഞ്ചാബ്, ഡൽഹി ചീഫ് സെക്രട്ടറിമാരെയാണ് കോടതി ശകാരിച്ചത്. മലിനീകരണത്തിനിടയാക്കുന്ന കൊയ്ത്ത് നിലങ്ങള്‍ അഗ്നിക്കിരയാകുന്നതിന്റെ ഉത്തരവാദിത്തം കര്‍ഷകര്‍ക്കല്ല. ബദല്‍ സംവിധാനം ഒരുക്കേണ്ട സര്‍ക്കാറിനാണ്.
ക്ഷേമ രാഷ്ട്ര സങ്കല്പം തന്നെ സര്‍ക്കാറുകള്‍ക്ക് അന്യമായിരിക്കുന്നു. സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ടുന്ന സമയമായിരിക്കുന്നുവെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വിമര്‍ശിച്ചു. കേന്ദ്രത്തെയും കോടതി വിമര്‍ശിച്ചു. മൂന്ന് മാസത്തിനകം കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടു.