കോവിഡ് വ്യാപനം ലോകത്തെ പിടിച്ചുകുലുക്കുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു സുന്ദർ പിച്ചൈ.
“അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിന് എന്‍റെ അച്ഛന്‍റെ ഒരു വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവഴിക്കേണ്ടിവന്നു. ആ ടിക്കറ്റ് കൊണ്ട് എനിക്ക് സ്റ്റാൻഫോർഡിൽ പഠിക്കാന്‍ കഴിഞ്ഞു. അന്ന് ആദ്യമായിട്ടാണ് ഞാന്‍ വിമാനത്തില്‍ കയറിയത്. അമേരിക്കയില്‍ ജീവിക്കുക എന്നത് ഏറെ ചെലവേറിയ കാര്യമാണ്. വീട്ടിലേക്ക് ഫോൺ വിളിക്കാന്‍ ഒരു മിനിറ്റിന് 2 ഡോളറിൽ കൂടുതലായിരുന്നു”- അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ കോഴ്‌സ് പഠിക്കാന്‍ പോയപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞതാണിത്.
കോവിഡ് വ്യാപനം ലോകത്തെ പിടിച്ചുകുലുക്കുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു സുന്ദർ പിച്ചൈ. അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞത് പ്രതീക്ഷയോടെയിരിക്കാനാണ്. ഇതുപോലെ കെട്ടകാലത്ത് പ്രതീക്ഷ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ആദ്യമേ തന്നെ പറയട്ടെ, നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. തുറന്ന ചിന്താഗതിക്കാരാകുക, അക്ഷമരായിരിക്കുക, പ്രതീക്ഷയോടെയിരിക്കുക- തന്റെ വീട്ടിൽ നിന്ന് വെർച്വൽ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത സുന്ദര്‍ പിച്ചൈ പറഞ്ഞു.
സാങ്കേതികവിദ്യ സംവിധാനങ്ങളില്ലാത്ത ചുറ്റുപാടിലാണ് താന്‍ വളര്‍ന്നത്. 10 വയസ്സ് വരെ ടെലഫോണ്‍ പോലുമില്ലായിരുന്നു. അമേരിക്കയിലേക്ക് ബിരുദ പഠനത്തിന് എത്തുന്നത് വരെ കമ്പ്യൂട്ടര്‍ ലഭ്യമായിരുന്നില്ല. അവസാനം ഒരു ടിവി ലഭിച്ചപ്പോള്‍ അതില്‍ ഒരു ചാനല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ സാങ്കേതിക സംവിധാനങ്ങളെല്ലാം ലഭ്യമാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.
യു ട്യൂബിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ, മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമ, ഗായികയും നടിയുമായ ലേഡി ഗാഗ, ഗായിക ബിയോൺസ്, ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസ് തുടങ്ങിയവരും പങ്കെടുത്തു.
ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചൈ മെറ്റീരിയൽസ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2004ൽ ഗൂഗിളിൽ മാനേജ്മെന്റ് എക്സിക്യൂട്ടീവ് ആയി ചേര്‍ന്നു. കമ്പനിയുടെ പ്രൊഡക്റ്റ് ചീഫായി. 2015ല്‍ ഗൂഗിള്‍ സിഇഒ ആയി.