പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാമില്‍ സി.പി.എം റാലിയും സമ്മേളനവും നടന്നു. താലൂക്ക് മണ്ഡലത്തിന്റെ ഭാഗമായ നന്ദിഗ്രാമില്‍ 2007 മാര്‍ച്ച് 14ലെ കുപ്രസിദ്ധമായ ആക്രമണത്തിന് ശേഷം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പോലും നന്ദിഗ്രാമില്‍ ഇല്ലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമിന് 25 കീലോമീറ്ററോളം അകലെ നന്ദകുമാറില്‍ സി.പി.എം പ്രകടനം നടത്തിയിരുന്നു.
ചരിത്രം എന്ന് പറയുന്നത് വെറുതെയല്ല, അഞ്ച് വര്‍ഷം മുമ്പ് ഇതേ നന്ദിഗ്രാമില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുമ്പോള്‍ പാര്‍ട്ടി ഓഫീസോ ചുവന്ന കൊടിയോ ഈ പ്രദേശത്തിന്റെ വ്യാപ്തിയിലൊരിടത്തും ഇല്ലായിരുന്നു. മൂന്ന് പതിറ്റാണ്ട് സി.പി.എമ്മിന്റെ ചുവന്ന പതാക പറപ്പിച്ച അതേ ജനത, അവരെ തള്ളിപ്പറഞ്ഞു. സലിംഗ്രൂപ്പിന് വേണ്ടി നന്ദിഗ്രാമിലെ കാര്‍ഷിക ഭൂമി നല്‍കില്ലെന്ന പ്രദേശികജന സമൂഹത്തിന്റെ നിലപാടിനെ മര്‍ക്കട മുഷ്ടികൊണ്ട് നേരിടാന്‍ ശ്രമിച്ച ബുദ്ധദേവ്ഭട്ടാചാര്യ സര്‍ക്കാരിന്റെയും അത് വഴി ഇടത്പക്ഷത്തിന്റെയും അടിവേര് അറക്കുന്ന പ്രതികരണമായിരുന്നു നന്ദിഗ്രാമിലുണ്ടായത്. അന്ന് തൊട്ടിന്ന് വരെ ചെങ്കൊടി പാറിയിട്ടില്ലായിരുന്നു ഇവിടെ. ആ ചരിത്രമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് തിരുത്തത്. സി.പി.എം പാര്‍ട്ടി ഓഫീസ് വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നിട്ട് നാളുകളായിട്ടില്ല.
നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധസമരത്തിന്റെ ശക്തികേന്ദ്രമായ സോനാമുറ-ഗംഗാറ പ്രദേശങ്ങളിലൂടെ അടക്കം മൂന്ന് മണിക്കൂറോളം നന്ദിഗ്രാമിലൂടെ താംലൂക്ക് സി.പി.എം സ്ഥാനാര്‍ത്ഥി ഷേഖ് ഇബ്രഹാം അലിയുടെ റോഡ് ഷോ സഞ്ചരിച്ചു. പിന്നീട് നന്ദിഗ്രാം ബസ്സ്റ്റാന്റിനരികില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു. മണ്ഡലത്തില്‍ വിജയമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും തിരിച്ച് വരവിന്റെ ഒരു സൂചനയാണിതെന്നാണ് സി.പി.എം കരുതുന്നത്.