India National

രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രൈ റണ്ണിന് തുടര്‍നടപടികളുണ്ടാകുമെന്നും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡ്രൈ റണ്ണിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കുമെന്നും മന്ത്രി ട്വന്റിഫോറിന് വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്‌സിന്‍ ആയിരിക്കും ആദ്യമൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍ വ്യക്തമാക്കിയിരുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.