India National

മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ്; ആന്ധ്രയില്‍ 9,597 പേര്‍ക്ക് രോഗം

മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,408 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി. 344 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 18,650 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ആന്ധ്രയില്‍ 9,597 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6,676 പേര്‍ രോഗമുക്തരായി. 93 പേരാണ് ആന്ധ്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 7,883 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 113 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 7,034 പേര്‍ ഇന്ന് രോഗമുക്തി നേടി.

തമിഴ്നാട്ടില്‍ 5,871ഉം, ഉത്തര്‍പ്രദേശില്‍ 4,583ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. ഇതോടെ, ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴാമത്തെ സംസ്ഥാനമായി പശ്ചിമബംഗാള്‍ മാറി. ഒഡിഷയില്‍ രോഗബാധിതര്‍ അരലക്ഷം കടന്നു. അതേസമയം, ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് 90 ശതമാനത്തിന് അടുത്തെത്തി. മധ്യപ്രദേശ് ഷാഹ്‌ദോള്‍ ജയിലിലെ 14 വനിത വിചാരണ തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 70.38 ശതമാനമായി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണം 16 ലക്ഷം കടന്നു.