India National

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്നാടിനു പിന്നാലെ കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധിതര്‍ വര്‍ധിയ്ക്കുകയാണ്

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്നാടിനു പിന്നാലെ കര്‍ണാടകയിലും തെലങ്കാനയിലും രോഗബാധിതര്‍ വര്‍ധിയ്ക്കുകയാണ്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളിലായി മരിച്ചത് 11 പേരാണ്. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം പതിമൂവായിരം കടന്നു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 167 ആണ്.

മൂവായിരത്തോളം പേരുടെ രോഗബാധയ്ക്ക് കാരണമായ, ചെന്നൈ, കോയമ്പേട് മാര്‍ക്കറ്റ് ക്ളസ്റ്ററിനു പിന്നാലെ, നഗരത്തിലെ കണ്ണകി നഗറുംആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇരുപതിനായിരത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ 23 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 716 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം കണ്ടെത്തിയത്. എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഓരോ ദിവസവും മരണ സംഖ്യയും വര്‍ദ്ധിക്കുകയാണ്. 8718 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 61 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 510 പുതിയ രോഗബാധിതരുണ്ട്.

കുറച്ച് ദിവസങ്ങളായി വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ടു ചെയ്യാത്തതിന്റെ ആശ്വാസത്തിലായിരുന്നു കര്‍ണാടകയും തെലങ്കാനയും. എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഇരുസംസ്ഥാനങ്ങളിലും രോഗബാധ കണ്ടെത്തിയത്. കര്‍ണാടകയില്‍ ഇന്നലെ 63 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിയ്ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ്. രോഗബാധിതർ 925 ആയി. 31 ആണ് സംസ്ഥാനത്തെ മരണസംഖ്യ. തെലങ്കാനയില്‍ ഇന്നലെ രണ്ട് പേരാണ് മരിച്ചത്. മരണസംഖ്യ 32 ആയി. 51 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1326 ആയി. ആന്ധ്രാപ്രദേശിൽ ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 46 ആയി. 33 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ 2051 ആണ്. പുതുച്ചേരിയിലെ രോഗബാധിതരുടെ എണ്ണം 12 ആണ്.