India National

കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ പറയുന്നു. ഏപ്രിലിൽ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോൾ 12 ശതമാനമായി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരിൽ സംഘടിത, അസംഘടിത മേഖലകളിൽ ഉള്ളവരും ഉൾപ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. വരുമാനത്തിൽ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേർ മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ സമ്പദ് വ്യവസ്ഥ പൂർവസ്ഥിതിയിലെത്തുമെന്നും സിഎംഐഇ വിലയിരുത്തുന്നു. അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞു. 92 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. തമിഴ്നാട്, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. ലോക്ഡൗൺ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഫലം കണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സംസ്ഥാന സർക്കാറുകളുടെ തീരുമാനം.