India

മുംബൈയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് ഒമിക്രോണ്‍ ഭീതിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെ മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ മാത്രം 9657 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 123 പേര്‍ മരണപ്പെട്ടു. ആശുപത്രിയിലും വീടുകൡലുമായി 409 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

അതേസമയം മുംബൈയില്‍ 20,971 പുതിയ കൊവിഡ് കേസുകളും 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പോസിറ്റീവായവരില്‍ 84 ശതമാനം പേര്‍ക്കുമാത്രമാണ് രോഗലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 8,490 പേര്‍ രോഗമുക്തി നേടി. 91,731 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്.

അതേസമയം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ സജ്ജമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും വിതരണ പ്രക്രിയയും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. ഓക്‌സിജന്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഓക്‌സിജന്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.