India

കൊവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മെഡിക്കല്‍ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിന്‍, ലോക്ക് ഡൗണ്‍ എന്നിവയില്‍ കോടതിയില്‍ നിന്ന് നിര്‍ണായക ഇടപെടലുണ്ടായേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കാനിരിക്കേ വിഷയം പരിഗണിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

ഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത, അലഹബാദ് തുടങ്ങി പത്തില്‍പ്പരം ഹൈക്കോടതികളില്‍ കൊവിഡ് പ്രതിസന്ധിയുണ്ടായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി ഇന്നലെ സ്വമേധയാ കേസെടുത്തത്. ഡല്‍ഹി അടക്കം ഹൈക്കോടതികള്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിവിധ ഹൈക്കോടതികളിലെ നടപടികള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ ഓക്‌സിജന്‍, അവശ്യ മരുന്നുകള്‍, വാക്‌സിന്‍ ദൗത്യം, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ പദ്ധതിയെന്തെന്ന് ഇന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശമുണ്ട്. അമിക്കസ് ക്യൂറിയായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയുടെ വാദവും കോടതി കേള്‍ക്കും.

വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ സുപ്രിംകോടതിയില്‍ അപേക്ഷയും നല്‍കി. പ്രാദേശികമായുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഹൈക്കോടതികളാണ് അഭികാമ്യമെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.