India

രാജ്യത്ത് 30,000ത്തിലധികം പ്രതിദിന കൊവിഡ് രോഗികള്‍; ഒമിക്രോണ്‍ കേസുകള്‍ 1700ലെത്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 33,750 കൊവിഡ് കേസുകളും 123 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10,846 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,42,95,407 ആയി. നിലവില്‍ 1,45,582 പേര്‍ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയിലുണ്ട്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1,700 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 510. ഒമിക്രോണ്‍ ബാധിച്ച 639 പേര്‍ രോഗമുക്തരായി. ഡല്‍ഹിയാണ് രോഗബാധിതരില്‍ രണ്ടാം സ്ഥാനത്ത്. 351 കേസുകള്‍. 23,30,706 വാക്‌സിന്‍ ഡോസുകള്‍ ഇന്നലെ വിതരണം ചെയ്തു. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്.

അതേസമയം, 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എട്ട് ലക്ഷം കൗമാരക്കാരാണ് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ കുട്ടികള്‍ക്ക് മാത്രമായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും. കുത്തിവയ്പ് രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷമാണ് കുത്തിവയ്‌പ്പെടുക്കേണ്ടത്. ആധാര്‍ കാര്‍ഡോ സ്‌കൂള്‍ ഐ ഡി കാര്‍ഡോ നിര്‍ബന്ധമാണ്. കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച മൊബൈല്‍ സന്ദേശമോ പ്രിന്റൗട്ടോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നല്‍കണം.