രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി .മഹാരാഷ്ട്രയിൽ മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് ആദ്യമായി ഒരു സൈനികനും രോഗം സ്ഥിരീകരിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയത് ഇന്ന് മുതൽ നിലവിൽ വരും
16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു. ലഡാക്കിൽ ഒരു സൈനികന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാൾക്കൊപ്പം ജോലി ചെയ്ത ലഡാക്ക് സ്കൗട്ട് റെജിമെൻ്റലിലെ എല്ലാ ജവാൻമാരെയും നിരീക്ഷണത്തിൽ വയ്ക്കും.ഉത്തർപ്രദേശിൽ കോവിഡ് ബാധിതരെ ചികിത്സ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയിലെ പൂനെയിൽ പതിനേഴും മുംബൈയിൽ ഏഴും പേർക്ക് രോഗം സ്ഥിരീകരിച്ചു യു എ ഇ , ഖത്തർ , ഒമാൻ , കുവൈത്ത്, അഫ്ഗാനിസ്ഥാൻ , ഫിലീപ്പീൻസ്, മലേഷ്യ എന്നിവടങ്ങളിൽ നിന്ന് മാർച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രോഗവ്യാപനം തടയാൻ ബിജെപി പ്രവർത്തകരോട് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ആഹ്വാനം ചെയ്തു.
പരിശോധന ഫലം നെഗറ്റീവായിട്ടും സൗദി അറേബിയ സന്ദർശിച്ച സാഹചര്യത്തിൽ ബി.ജെ.പി എം.പി സുരേഷ് പ്രഭു 14 ദിവസം നിരീക്ഷണത്തിൽ കഴിയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകാൻ സംസ്ഥാനങ്ങളിലേക്ക് 30 അഡീഷണൽ സെക്രട്ടറിമാരെ കേന്ദ്ര സർക്കാർ നിയോഗിച്ചു. രോഗവ്യാപനത്തെ തുടർന്ന് ഇന്ത്യൻ റെയിൽ റെയിൽവേ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. രാജ്യത്ത് രോഗം ബാധിച്ച 14 പേർ ഇതുവരെ ആശുപത്രി വിട്ടു.