കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും നേരത്തെ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അനുമതിക്കായി ശുപാര്‍ശ നല്‍കിയത്.(covaxin covishield)
നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമാണ് കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും അനുമതിയുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായാകും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കുക. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ട്രയല്‍ മൂന്നില്‍ രണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇതുവരെ ലോകത്താകെ 100 കോടി ഡോസ് കൊവിഷീല്‍ഡ് വിതരണം ചെയ്തുവെന്നും വിലയിരുത്തിയിരുന്നു. ജനുവരി മൂന്നിനാണ് കൊവിഷീല്‍ഡിനും കൊവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഇത് രണ്ടാം തവണയാണ് ഭാരത് ബയോടെക്കിന്റെ അപേക്ഷ പരിശോധിക്കുന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇരുവാക്‌സിന്‍ കമ്പനികളോടും കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിയന്ത്രങ്ങളുടെ ഭാഗമായി
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 441 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പതിനെട്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം. ഇത് വരെ 8,961 പേര്‍ക്കാണ് കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.