India

ന്യൂനപക്ഷ കമ്മീഷനിൽ ആറിൽ അഞ്ച് പദവികളും ഒഴിവ്

ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുള്ള തസ്തികകൾ എപ്പോൾ നികത്തുമെന്ന് പറയാനാവില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ. കമ്മീഷനിലെ ആറ് സ്ഥാനങ്ങളിൽ അഞ്ചും ഒഴിഞ്ഞു കിടക്കുകയാണെന്ന് കോടതിക്കു മുമ്പാകെ സമ്മതിച്ച കേന്ദ്രം, സമയബന്ധിതമായി ഒഴിവുകൾ നികത്തണമെന്ന് ചട്ടങ്ങളില്ലെന്ന് കോടതിയെ അറിയിച്ചു.

മുഖ്താർ അബ്ബാസ് നഖ്‌വി മന്ത്രിയായ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ വൈസ് ചെയർമാൻ ഒരു അംഗം മാത്രമാണുള്ളത്; മുൻ എ.ബി.വി.പി നേതാവും ഡൽഹി ന്യൂനപക്ഷ മോർച്ച മുൻ പ്രസിഡണ്ടുമായ ആതിഫ് റഷീദ്. മുസ്ലിം, ബുദ്ധ, ക്രിസ്ത്യൻ, പാഴ്‌സി, സിഖ്, ജെയിൻ വിഭാഗങ്ങളിൽ നിന്നുള്ള ഓരോ പ്രതിനിധികൾ കമ്മീഷനിൽ ഉണ്ടാവണമെന്ന് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും മുസ്ലിം ഒഴികെയുള്ള അംഗങ്ങളെയൊന്നും നിയമിച്ചിട്ടില്ല. ‘പ്രാമുഖ്യവും കഴിവും സത്യസന്ധതയുമുള്ള വ്യക്തികളെ നിയമിക്കണമെന്ന ചട്ടം, സമയബന്ധിതമായി നിയമനങ്ങൾ നടത്താതിരിക്കാനുള്ള ഒഴികഴിവല്ല.’ – കോടതി പറഞ്ഞു. അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള പ്രതിനിധികളെയും കമ്മീഷൻ ചെയർമാനെയും എത്രയും വേഗം നിയമിക്കണമെന്നും ജസ്റ്റിസ് പ്രതിഭ സിങ് നിർദേശിച്ചു. നിയമനത്തിന്റെ വിശദാംശങ്ങളും സമയക്രമവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സത്യവാങ്മൂലം ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.